കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നടന് നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു.
സൈബര്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ നീക്കം
ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഫോണില്‍നിന്ന് നഷ്ടമായ രേഖകള്‍ക്കായി കൂടുതല്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിനായി കോടതിയുടെ അനുവാദം തേടും. ഫോണുകള്‍ കോടതിക്കു സമര്‍പ്പിച്ചതിന്റെ തലേന്ന് ഡാറ്റ ഡിലീറ്റ് ചെയ്തതായാണ് പരിശോധന ഫലം സൂചിപ്പിക്കുന്നത്.
അഡ്വ. രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി
ദിലീപിന്റെ അഭിഭാഷകന് ബി. രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.
കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന് അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കരുതെന്ന് ജസ്റ്റീസ് പി. സോമരാജന് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണ സംഘം അഡ്വ. രാമന്‍പിള്ളയ്ക്കു നോട്ടീസ് നല്‍കിയത്.
രാമന് പിള്ളയുടെ മൊഴി രേഖപ്പെടുത്തുന്നതിനെതിരേ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം അഡ്വ. രാമൻപിള്ളയുടെ മൊഴിയെടുക്കുന്നത് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മതിയെന്നാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.