കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് കോടതിയിൽ ഹാജരാക്കിയ ആറു മൊബൈൽ ഫോണുകളുടെ വിവരങ്ങൾ അടങ്ങുന്ന ഫോറൻസിക് റിപ്പോർട്ട് കേസിലെ തെളിവായി സ്വീകരിക്കാൻ വിചാരണക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നാണ് കഴിഞ്ഞ ദിവസം ആറു ഫോണുകളുടെ പരിശോധന ഫലം ലഭിച്ചത്.
ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരുകയാണ്. ഇതിനുശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
രണ്ടു ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചു
കേസിൽ പ്രതികൾ കോടതിയിൽ ഹാജരാക്കാതിരുന്ന രണ്ടു ഫോണുകളുടെ മിറർ ഇമേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ദിലീപും സഹോദരി ഭർത്താവ് ടി.എൻ. സുരാജും ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്ന് കോടതിയിൽ ഹാജരാക്കാതിരുന്നത്.
പ്രതി ശരത്തിന് ജാമ്യം
അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടൻ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയുമായ ശരത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ആലുവയിലെ ഹോട്ടലുടമയായ ശരത്തിനെ നടിയെ ആക്രമിച്ച കേസിലും പ്രതിയാക്കിയിരുന്നു.
ദിലീപ് ഉൾപ്പെടെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നു സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്.
കേസിൽ ശരത് നേരത്തെ മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഇയാളെ പ്രതിയാക്കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു.
തുടർന്നു ഹർജി മാറ്റിയിരുന്നു. പിന്നീടു പ്രതിയാക്കിയതോടെ ഹർജി വീണ്ടും പരിഗണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാം മുൻകൂർ ജാമ്യം അനുവദിച്ചത്.
ഇയാളെ അറസ്റ്റ് ചെയ്താൽ നിശ്ചിത തുകയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.