കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ അശ്ലീലദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍നിന്ന് ലഭിച്ചതായും തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകള്‍ മാത്രമേ ഇതുവരെ പരിശോധിച്ചുള്ളൂവെന്ന് അന്വേഷണസംഘം പറയുന്നു. മറ്റുള്ള രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം.
ദിലീപിന്റെ ഫോണുകളില്‍നിന്ന് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചശേഷമാണ് ഇതു നശിപ്പിച്ചത്. ഫോണ്‍ രേഖകള്‍ നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കു പങ്കുണ്ടെന്നും സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്.
ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം. തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യണം.
നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കാവ്യ ചോദ്യം ചെയ്യലിന് എത്തുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നും മറുപടി ലഭിച്ചു.
ഫോറന്‍സിക് പരിശോധനാ ഫലം മുഴുവന്‍ ലഭിച്ചശേഷം ഇവയുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവന്, ദിലീപിന്റെ സഹോദരന് അനൂപ്, സുരാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്യണം.
ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ ആറ് ഫോണുകളില്‍നിന്ന് രണ്ടു ലക്ഷം പേജുകള്‍, 11,161 വീഡിയോകള്‍, 11,238 ആഡിയോ ക്ലിപ്പുകള്‍, രണ്ടു ലക്ഷത്തോളം ചിത്രങ്ങള്‍, 1,597 ഡോക്യുമെന്റുകള്‍ എന്നിവ കണ്ടെടുത്തുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.