കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായി.
തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, എസ്പി എം.ജെ. സോജന്, അന്വേഷണോദ്യോഗസ്ഥന് ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.
സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടിലിരുന്നു ദിലീപും കൂട്ടു പ്രതികളും കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.
കാവ്യ മാധവനെയും ചോദ്യം ചെയ്യും
ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്.
നശിപ്പിച്ച രേഖകള്‍ സായി ശങ്കറിന്റെ കൈയില്‍
ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച രേഖകള്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ കൈവശം സൂക്ഷിച്ചിരുന്നെന്നും ഇത് അന്വേഷണ സംഘത്തിന് കൈമാറിയതായും സൂചന.
വാട്സ് ആപ്പ്, ഇ-മെയില്‍ എന്നിവയിലൂടെയാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് അറിയുന്നത്. ഇയാളെ നേരിട്ട് ചോദ്യം ചെയ്യാന്‍ ക്രൈംബാഞ്ചിന് കഴിഞ്ഞിട്ടില്ല.
ദിലീപിന്റെ ഐ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ നശിപ്പിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
12 ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള വാട്സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളുമായിരുന്നു സായ് ശങ്കര്‍ മാറ്റിയത്.
ഈ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം സായ് ശങ്കറില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. നീക്കം ചെയ്ത വിവരങ്ങളുടെ ചില പകര്‍പ്പ് സായ് ശങ്കര്‍ സൂക്ഷിച്ചതായാണ് അന്വേഷണ സംഘത്തിന ലഭിച്ച വിവരം.
ദിലീപിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും
വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് സിയാദ് റഹ്മാന് ആയിരിക്കും കേസ് പരിഗണിക്കുക. നടിയെ ആക്രമിച്ച കേസില്‍ പോലീസിനുണ്ടായ വീഴ്ചകള്‍ തിരുത്താന്‍ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നാണ് ദിലീപിന്റെ വാദം.
ഏപ്രില്‍ 15ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി ഇന്ന്
കേസില്‍ മൊഴി മാറ്റാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സെന്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഇന്നലെ ഹര്‍ജി പരിഗണിക്കവേ സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കാവ്യ മാധവന്റെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍.