കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഇന്ന് അഞ്ച് വർഷം.
കേസിന്റെ വിചാരണ നടപടികള്‍ അവാസനഘട്ടത്തില്‍ നില്‍ക്കെ സംവിധായകന് ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളും ആക്രമിക്കപ്പെട്ട നടി നീതിതേടി രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നല്കിയ കത്തുമാണ് നടന് ദിലീപ് എട്ടാം പ്രതിയായ കേസിലെ നിലവിലെ ചര്‍ച്ചകള്‍.
2017 ഫെബ്രുവരി 17ന് പുലര്‍ച്ചെയാണ് കേസിനാദ്പദമായ സംഭവം അരങ്ങേറിയത്.
തൃശൂരില്‍നിന്നു കൊച്ചിയിലേക്ക് വരുന്നതിനിടെ അങ്കമാലി അത്താണിക്ക് സമീപം കാറില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്.
പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍ കുമാർ (പള്‍സര്‍ സുനി ) 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നിർവഹിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
ദിലീപ് പറഞ്ഞിട്ടാണ് സുനി നടിയെ ആക്രമിച്ചതെന്ന് സുനിയുടെ അമ്മ ശേഭന പിന്നീട് വെളിപ്പെടുത്തിയിരുന്നു.
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സമാനതകളില്ലാത്ത കേസാണിതെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നാണ് സുനി മൊഴി നല്‍കിയത്.
ഇതു കണ്ടെത്താനാകാതെ വന്നതോടെ സുനി മൊഴിമാറ്റി. ഫോണ്‍ വക്കീലിനെ ഏല്‍പ്പിച്ചെന്നു പറഞ്ഞു.
എന്നാല്‍ ഫോണ്‍ നശിപ്പിച്ചതായാണ് അഭിഭാഷകന് പോലീസിന് മൊഴി നല്‍കിയത്.
ഫോണ്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതിനിടെ നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രതികളിലേക്ക് എത്തിയെന്നതടക്കമുള്ള ഗൗരവമേറിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.
നിലവില്‍ കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ആക്രമണത്തിനിരയായ നടി കക്ഷിചേരാന്‍ അനുമതി തേടിയിരിക്കുകയാണ്.
കേസ് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.