ആലുവ: വിവാദമായ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപും കൂട്ടരും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായി സുപ്രധാന ശബ്ദരേഖ പുറത്തായതിൽ ആശങ്ക തുടരുന്നു.
ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായിയെന്നതടക്കം ദിലീപിന്റെ ഫോണില്‍നിന്ന് വീണ്ടെടുത്ത ശബ്ദരേഖയെന്ന പേരിലാണ് പ്രചരിക്കുന്നത്.
ജഡ്ജിയുടെ ഭർത്താവും തൃശൂർ പാവറട്ടിയിൽ നടന്ന കസ്റ്റഡികൊല കേസില്‍ ആരോപണവിധേയനുമായ എക്സൈസ് ഉദ്യോഗസ്ഥനെക്കുറിച്ച് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദസന്ദേശം എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.
ഇയാൾ സിപിഎം തൃശൂർ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകളുടെ ഭർത്താവ് കൂടിയായതോടെ വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടത്.
ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ലോക്കപ്പ് മർദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ഈ ഉദ്യോഗസ്ഥനെതിരേയാണെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ദിലീപിന്റെ അഭിഭാഷകനായ സന്തോഷിനെ അവര്‍ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്,
അവരുടെ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു തുടങ്ങിയ ഭാഗങ്ങളും ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
എന്നാൽ പോലീസും പ്രതിഭാഗവും ശബ്ദരേഖ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2019 ഒക്ടോബർ ഒന്നിനാണ് ആരോപണത്തിനാധാരമായ പാവറട്ടി കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്.
കേസന്വേഷിച്ച് സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് കേസിലെ മുഖ്യ കക്ഷികളായ സിഐയെയും അന്നത്തെ ഡെപ്യൂട്ടി കമ്മീഷണറെയും ഒഴിവാക്കിയതിൽ എക്സൈസ് ഉദ്യോഗസ്ഥരിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.
ഒടുവിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ കോടതിയെ സമീപിച്ചാണ് സിഐയെ തിരൂരിലേക്ക് സ്ഥലം മാറ്റിയത്.