കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന കേസിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ.
പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി. പലരെയും ഉപയോഗിച്ചാണ് ഈ ശ്രമം നടന്നത്. ലഭിച്ചിരിക്കുന്ന വോയ്സ് ക്ലിപ്പുകളിൽനിന്ന് ഇത് വ്യക്തമാണ്.
ഫോണിൽ നിന്നു തെളിവുകൾ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അറിയിച്ചു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോണുകൾ 2022 ജനുവരി 31നാണ് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ 2022 ഫെബ്രുവരി ഏഴിന് ഫോണിലെ ഫയലുകൾ ഇല്ലാതാക്കിയെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.
സൈബർ വിദഗ്ധനെ ഒഴിവാക്കിയത് എന്തുകൊണ്ട്?
തെളിവ് നശിപ്പിച്ച കുറ്റത്തിന് എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് ജി. ശരത്തിനെ പ്രതിയാക്കിയപ്പോൾ അതേ കുറ്റം ചെയ്ത സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് പിൻമാറി
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് പിൻമാറി.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വസ്തുതകൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു.
ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നതിൽ നിന്നു പിൻമാറാൻ കാരണം വ്യക്തമാക്കിയിട്ടില്ല. ഹർജി മറ്റൊരു സിംഗിൾ ബെഞ്ച് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ദൃശ്യങ്ങൾ ചണ്ഡിഗഢിലെ ലാബിൽ പരിശോധനയ്ക്കു നൽകാൻ 2020 ജനുവരി 10ന് മെമ്മറി കാർഡിന്റെ പകർപ്പ് എടുത്തിരുന്നു.
ഈ ഘട്ടത്തിലാണ് കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ 2018 ഡിസംബർ 13നു അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്.
ഇക്കാര്യങ്ങൾ വിശദീകരിച്ച് 2020 ജനുവരി 29നു വിചാരണക്കോടതിക്ക് ലാബ് അധികൃതർ റിപ്പോർട്ടു നൽകിയിരുന്നു.
2022 ഫെബ്രുവരി വരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇതറിഞ്ഞതെന്നും ഹർജിയിൽ ആരോപിക്കുന്നു.