സിനിമാ മേഖലയിൽ എത്തുന്പോൾ പുതിയ പേരു സ്വീകരിക്കുന്നത് സാധാരണമാണ്. നടന്മാരും നടിമാരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. സിനിമയിൽ മാത്രമായിരിക്കും ഈ പേരുമാറ്റം. പേരുമാറാതെ തന്നെ സ്പെല്ലിംഗിൽ മാറ്റം വരുത്തുന്നതും മറ്റൊരു രീതിയാണ്. ഇക്കാര്യത്തിൽ നടൻമാർ മാത്രമല്ല സംവിധായകരും മുൻപന്തിയിലാണ്. സംഖ്യാശാസ്ത്രവും ജ്യോതിഷവുമൊക്കെയാണ് ഇത്തരം സ്പെല്ലിംഗ് മാറ്റത്തിനു പിന്നിൽ.
ജനപ്രിയ നായകൻ ദിലീപാണ് ഇക്കൂട്ടരിൽ ഏറ്റവും ഒടുവിലെത്തിയ ആൾ. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ദിലീപിന്റെ പേരിലെ സ്പെല്ലിംഗിൽ മാറ്റം വരുത്തിയിരിക്കുന്നത്. DILEEP എന്നതിന് പകരം DILIEEP എന്നാണ് എഴുതിയിരിക്കുന്നത്.
എന്നാൽ ഈ മാറ്റം സിനിമക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ എന്ന കാര്യം വ്യക്തമല്ല. ഗോപാലകൃഷ്ണൻ എന്നാണ് ദിലീപിന്റെ യഥാർഥ പേര്. കേശു ഈ വീടിന്റെ സംവിധാനം ചെയ്യുന്നത് നാദിർഷ ആണ്. സ്വാസികയാണ് നായിക. ഉർവശി ഒരു പ്രധാന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.