കൊച്ചി: അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് ഇന്നലെ വാദമുഖം തീര്‍ത്തത്.
തക്കം നോക്കി പക വീട്ടുന്ന സ്വഭാവമാണ് ദിലീപിനുള്ളതെന്നും ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസിനെതന്നെ ഇല്ലാതാക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇതുസംബന്ധിച്ച തെളിവുകള്‍ വ്യക്തമാക്കുന്ന സംഭവങ്ങള്‍ രേഖാമൂലമുള്ള വാദമായി സമര്‍പ്പിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും പ്രതികള്‍ അനുസരിച്ചില്ലെന്നും പ്രോസിക്യൂഷന് വാദമുയര്‍ത്തി.
ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ശരത്തുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്ന ദോഹയില്‍ വ്യവസായിയായ ആലുവ സ്വദേശി സലിമിനെ നേരിട്ടെത്തി ദിലീപ് ഭീഷണിപ്പെടുത്തി.
ദിലീപിന്റെ വീട്ടിലെ ഗേറ്റ്മാനായിരുന്ന ദാസന് മൊഴി നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ ഇയാളെ സ്വാധീനിക്കാന്‍ ദിലീപിന്റെ സംഘമെത്തിയെന്ന് ഡിജിപി ടി.എ ഷാജി ഇന്നലെ വാദത്തിനിടെ വെളിപ്പെടുത്തി.
ബാലചന്ദ്രകുമാറിനോട് നീ സൂക്ഷിക്കണമെന്നും ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നെന്നും ഫോണില്‍ ദാസന് പറഞ്ഞെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണസംഘം ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ദാസന് വളരെ മുമ്പേ ദിലീപിന്റെ വീട്ടില്‍നിന്ന് ജോലി മതിയാക്കി പോയയാളാണെന്ന് പ്രതിഭാഗം വാദിച്ചു.
“ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’ മെന്ന് ഒരുതവണ ദിലീപ് സഹോദരന് ഉപദേശം നല്‍കിയെന്ന് മൊഴിയുള്ളതായും പ്രോസിക്യൂഷന് വാദിച്ചു.
മാത്രമല്ല, “ഒരു വര്‍ഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്, ഒരു റിക്കാർഡും ഉണ്ടാക്കരുത്, ഫോണ്‍ യൂസ് ചെയ്യരുത്’ എന്ന് സഹോദരന് അനൂപ് പറഞ്ഞതിന്റെ ശബ്ദരേഖയുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ കോടതി നടപടികള്‍ക്കിടയില്‍ ഒരുതവണ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സമീപത്തേക്ക് വന്ന് “സാറിപ്പോള്‍ കുടുംബവുമൊത്ത് സമാധാനമായി കഴിയുകയാണല്ലേ’ എന്നു പറഞ്ഞിരുന്നു.
അന്ന് കാര്യമായൊന്നും തോന്നിയിരുന്നില്ലെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപ് അന്ന് കരുതിക്കൂട്ടി പറഞ്ഞതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
നടിക്കെതിരേ 2013 മുതലുള്ള പകവീട്ടാന്‍ ദിലീപ് 2017 വരെ കാത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ 2017 ലാണ് ഗൂഢാലോചന തുടങ്ങിയത്.
2019 ല്‍ സലിമിനെ ഭീഷണിപ്പെടുത്തിയപ്പോഴും ഇക്കാര്യം പറഞ്ഞത് പ്രതിയുടെ ഈ സ്വഭാവം വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു.
ദിലീപിനെതിരേ ദൃക്സാക്ഷിയടക്കം തെളിവുണ്ടെന്നു പ്രോസിക്യൂഷന്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന് ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസ് ദൃക്സാക്ഷിയുള്ള കേസാണെന്നും വ്യക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്ന തരത്തില്‍ വ്യാജമായി തെളിവുകളുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്കിയ ഹര്‍ജിയില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ പൂര്‍ത്തിയായതോടെ ജസ്റ്റീസ് പി. ഗോപിനാഥ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയാനായി മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലീപ് നിര്‍ദേശം നല്‍കിയെന്നത് മൊഴികളില്‍നിന്ന് വ്യക്തമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി പറഞ്ഞു.
ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയാണ്. ഇദ്ദേഹത്തിന്റെ മൊഴികള്‍ വസ്തുതാപരവും സ്ഥിരതയുള്ളതുമാണ്.
മൊഴിയെ പിന്തുണയ്ക്കുന്ന ശബ്ദരേഖയടക്കമുള്ള തെളിവുകളുണ്ട്. ചെറിയ ചില വൈരുധ്യങ്ങളുടെ പേരില്‍ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ല.
ആലുവ സ്വദേശിയായ പ്രവാസി വ്യവസായി സലിമിന്റെ മൊഴി വളരെ നിര്‍ണായകമാണ്. പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്.
സമാനതകളില്ലാത്ത കേസാണിതെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതികള്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതികള്‍ ഒരുമിച്ച് ഫോണുകള്‍ മാറ്റി.
ഫോണുകളുടെ യാഥാര്‍ഥ്യം മറച്ചുവച്ചു. ദിലീപ് ഫോണുകള്‍ മുംബൈയിലേക്ക് കൃത്രിമം കാട്ടാന്‍ നല്കിയതുതന്നെ മതിയായ തെളിവാണ്. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ പ്രതിയാണ്.
ഈ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുക്കണം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയം ഇല്ല. എഡിജിപിയാണ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
സാക്ഷികളെ സ്വാധീനിക്കാനുള്ള ശേഷിയും മസില്‍പവറും മണിപവറും പ്രതികള്‍ക്കുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ട്.
ആരോപണങ്ങളുടെ സ്വഭാവവും കേസിന്റെ ഗൗരവവുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരിഗണിക്കേണ്ടത്. അറസ്റ്റിനുള്ള വിലക്ക് നീക്കണം.
സുദര്‍ശന്റെ കൈവെട്ടണം, സോജനും സുദര്‍ശനും നല്ല ശിക്ഷ നല്‍കണം എന്നൊക്കെ തീരുമാനിക്കുന്നത് എങ്ങനെ ശാപവാക്കുകളാവുമെന്നും പ്രോസിക്യൂഷന് ചോദിച്ചു.
സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹര്‍ജി വിധി പറയാനായി മാറ്റിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകൻ വാദം നടത്തിയിരുന്നു.
വ്യാജമായി പുതിയ തെളിവുകള്‍ ഓരോ ദിവസവും ഉണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ സീനിയര്‍ അഭിഭാഷകന് കെ. രാമന്‍പിള്ള ആരോപിച്ചു.