കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹോക്കോടതി.
ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്.
എന്നാൽ വ്യാഴാഴ്ച വരെ ദിലീപിനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു.
വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
പ്രതികൾ അന്വേഷണത്തോട് പൂർണമായും സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
അഞ്ച് ദിവസമെങ്കിലും ചോദ്യം ചെയ്യാൻ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്തു വിട്ടയച്ചാൽ പ്രതികൾ ഗൂഡാലോചന നടത്തി അടുത്ത ദിവസം എന്ത് പറയണമെന്ന് നിശ്ചയിച്ചുറപ്പിച്ച് എത്താൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർണമായും തള്ളാതെയും കൊള്ളാതെയുമാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.