കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. സിനിമാ സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായിട്ടാണ് അന്വേഷണ സംഘം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്.
സംവിധായകന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസിലെ പ്രതികളെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി 20-നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
വിചാരണ വേളയില്‍ കൂറുമാറിയ കേസിലെ പ്രധാന സാക്ഷികളില്‍ ചിലരെ ദിലീപ് സ്വാധീനിച്ചതായും സംവിധായകന് ആരോപിച്ചിരുന്നു.
പ്രത്യേക വിചാരണ കോടതിയില്‍ സംവിധായകന്റെ ഈ മൊഴികളടങ്ങിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്നലെ അന്വേഷണ സംഘം നല്‍കിയിരുന്നു.
അതേസമയം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇതിന്റെ പകര്‍പ്പ് ലഭിക്കാനായി ദിലീപ് നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഫെബ്രുവരി 16-നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
തുടരന്വേഷണം ആരംഭിക്കുകയും കേസുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകന് ഉണ്ടായിരുന്നില്ല.
കേസ് വീണ്ടും പരിഗണിക്കുന്ന 20-നു മുമ്പ് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് പ്രതീക്ഷ.
കേസില്‍ പ്രോസിക്യൂഷന് സാക്ഷികളായി പുതിയ ഒമ്പതുപേരെ ഉള്‍പ്പെടുത്താനും വിസ്തരിച്ച ഏഴു പേരെ വീണ്ടും വിസ്തരിക്കാനുമുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നീതി ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഡബ്ല്യുസിസി. സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്.
ഡബ്ല്യുസിസി സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് പറഞ്ഞത്. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നീതിയുറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.