നെടുമ്പാശേരി: ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാള സിനിമാ ഷൂട്ടിംഗ് സംഘം ഒന്നര മാസത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തി.
പ്രത്യേകം ചാർട്ട് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ പുലർച്ചെ 1.30നാണ് 71 അംഗ സംഘം നെടുമ്പാശേരിയിലെത്തിയത്. സംവിധായകൻ ദിലീഷ് പോത്തൻ, അമിത് ചക്കാലയ്ക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍, ഷിംല സ്വദേശിയായ നായിക ശകുന്‍ ജസ്വാൾ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
“ജിബൂട്ടി’’എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണു സംഘം കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലെത്തിയത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍തന്നെ കോവിഡിനെത്തുടർന്നു ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു.
എന്നാൽ മുന്‍നിശ്ചയപ്രകാരം ഏപ്രില്‍ 18നുതന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.
മടങ്ങിയെത്തിയവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സിനിമാ സംഘത്തിനു പുറമേ 23 യാത്രക്കാർ കൂടി വിമാനത്തിലുണ്ടായിരുന്നു.