കൊച്ചി: മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്സാക്ഷിയും തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാർഡ് സന്തോഷമുള്ള കാര്യമാണ്. പുരസ്കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. മഹേഷിന്റെ പ്രതികാരം എന്ന എന്റെ ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതൽ പോലുള്ള ചിത്രം ചെയ്യാൻ പ്രചോദനമായത്. ഞാൻ ഒറ്റയ്ക്കല്ല, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകൾ, അവരുടെ പ്രയത്നങ്ങൾക്കു കൂടിയുള്ളതാണ് ഈ അവാർഡ്- പോത്തൻ പറഞ്ഞു.
തൊണ്ടി മുതലാണ് മികച്ച സിനിമ എന്നു വിശ്വസിക്കുന്നില്ല. എന്നാൽ നല്ല സിനിമകളിൽ ഒന്നാണു തൊണ്ടിമുതൽ എന്നു പറയാനാകുമെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ദിലീഷ് പോത്തൻ ചിത്രം ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരം നേടി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്.