കടുത്തുരുത്തി: വീട്ടുമുറ്റത്ത് ജൈവപച്ചക്കറി കൃഷിയുമായി ദേശീയതലത്തിൽ ശ്രദ്ധ നേടിയ മലയാള സിനിമയുടെ സംവിധായകനും പ്രമുഖ നടനുമായ ദിലീഷ് പോത്തന്റെ ഭാര്യ. കുറുപ്പന്തറ ഓമല്ലൂർ കൊല്ലംപറന്പിൽ വീടിന്റെ മുറ്റത്താണ് 50 സെന്റ് സ്ഥലത്ത് ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് വിവിധതരം പച്ചക്കറി കൃഷികൾ ആരംഭിച്ചിരിക്കുന്നത്. തുള്ളിനന കൃഷിയാണ് ജിംസി നടത്തുന്നത്.
ഒരു മാസം മുന്പാണ് കൃഷി ആരംഭിച്ചത്. മാഞ്ഞൂർ കൃഷി വകുപ്പാണ് കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്. 29 തട്ടുകളായിട്ടാണ് കൃഷി നടത്തുന്നത്. പിവിസി പൈപ്പുകൾ വഴി ഏല്ലാ തട്ടുകളും ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളവും ജൈവവളവും ഓരോ തൈയുടെയും ചുവട്ടിൽ ലഭ്യമാക്കുന്നത്.
ദിവസവും പത്ത് മിനിറ്റ് നേരം നനയ്ക്കും. ചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം എന്നിവയാണ് വളമായി ഉപയോഗപ്പെടുത്തുന്നത്.
കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വശങ്ങളിൽ മല്ലിച്ചെടി നട്ടു വളർത്തിയിട്ടുണ്ട്. പടവലം, കോവൽ, ബീൻസ്, വെള്ളരി, പയർ, വെണ്ട, വഴുതന, ഉണ്ട വഴുതന, പച്ചമുളക്, ചീര, കുക്കുംബർ, തക്കാളി, കാന്താരി, കാന്പേജ്, കോളിഫ്ളവർ എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും ജിംസി നട്ടു പിടിപ്പിച്ചിട്ടുണ്ട്.
ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയിൽ കൃഷിപ്പണികൾ നടത്തുന്നതെന്ന് ജിംസി പറയുന്നു. കൃഷിക്കായി മാഞ്ഞൂർ പഞ്ചായത്ത് സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ദിലീഷ് പോത്തന്റെ മാതാപിതാക്കളും ജിംസിക്കൊപ്പം കൃഷിയുടെ പരിപാലനത്തിനുണ്ട്.