നാദാപുരം: ഛത്തീസ് ഗണ്ഡിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച സൈനീകന് പുറമേരി വിലാത പുരത്തെ ചതുരോളി താഴെ കുനിയില്‍ ദിലീഷിന്റെ ഓര്‍മ്മക്കായി സ്മാരക സ്തൂപമൊരുങ്ങി. ദിലീഷ് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തിലാണ് സൈന്യം ജവാന്റെ ഓര്‍മ്മക്കായി സ്മാരക സ്തൂപം പണിതത് .
ദില്ലിയിലെ സൈനീക ആസ്ഥാനത്ത് വെങ്കലത്തില്‍ തീര്‍ത്ത ഫലകവും ഗ്രാനെറ്റില്‍ കൊത്തിയ ചിത്രവുമടങ്ങുന്നതാണ് സ്മാരക സ്തൂപം. ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്ത്യാ -നേപ്പാള്‍ ,ഇന്ത്യാ- ഭൂട്ടാന് അതിര്‍ത്തി രക്ഷാ സേനയായ സശസ്ത്ര സീമാ ബല് കോണ്‍സ്റ്റബിളായ ദിലീഷ് 2011 ഒക്ടോബര്‍ ഏഴിനാണ് സൈനീകര്‍ക്കൊപ്പം ചത്തീസ്ഗഢിലെ ചുമത നിര്‍വഹിച്ച് അസാമിലേക്ക് ട്രക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് സ്ഫോടനത്തില്‍ മരണപ്പെട്ടത്.
12 ജവാന്മാരാണ് മാവോയിസ്റ്റ് അക്രമത്തില്‍ വീര മൃത്യുവരിച്ചത്. വര്‍ഷം തോറും ഒക്ടോബര്‍ 31 ന് വീര ജവാന്മാരുടെ സ്മരണ പുതുക്കുമ്പോള്‍ സൈന്യം സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.അടുത്ത ദിവസംതന്നെ ഉന്നത സൈനീക മേധാവികളുടെ സാനിധ്യത്തില്‍ സ്മാരക സ്തൂപം നാടിന് സമര്‍പ്പിക്കും.
ദിലീഷിനൊപ്പം വീരമൃത്യു വരിച്ച മലയാളിയാ സശസ്ത്ര സീമാ ബെല്‍ അംഗം തിരുവനന്തപുരം പനവൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ സ്വദേശി ധീര ജവാന് പി.പ്രവീണിനും പഠിച്ച സ്കൂളില്‍ സ്മാരക സ്തൂപം പണിതിട്ടുണ്ട്.കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്തൂപം സൈനിക അധികൃതര്‍ നാടിന് സമര്‍പ്പിച്ചു.