‘പാൽ പാഷാണമാക്കുന്നവരെ ഇടിച്ച് ഞാൻ…’ മലയാളികൾക്ക് ഏറെ സുപരിചിതനായ പ്രമുഖ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ മിൽമയുടെ പരസ്യത്തിൽ ഉപയോഗിച്ച ഇൗ വാക്കുകൾ കേൾക്കാത്തവരുണ്ടാകില്ല.
മനുഷ്യജീവിതത്തെ താളം തെറ്റിക്കുന്ന വിപത്തുകൾക്കെതിരേ എന്നും പ്രതികരിക്കുന്ന ദിലീഷ് തന്റെ കോവിഡ് കാലത്തെ അനുഭവങ്ങൾ രാഷ്ട്രദീപിക വായനക്കാരുമായി പങ്കുവയ്ക്കുന്നു…
സർക്കാർ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക… അവർ തരുന്ന നിർദേശം ഫോളോ ചെയ്യുക…കോവിഡിനെ നമുക്ക് അകറ്റി നിർത്താം… കോവിഡ് കാലം ഏവർക്കും പ്രിയങ്കരനായ ദിലീഷിനേയും ചുറ്റിച്ചു.
തന്റെ അനുഭവങ്ങൾ ലോകത്തെ ഞെട്ടിച്ച കോവിഡ് മഹാമാരി മൂന്നുമാസക്കാലമാണ് മലയാള സിനിമയിലെ ഏറെ വിലപ്പെട്ട കലാകാരന്റെ സൈ്വര്യ ജീവിതത്തിന് തടസം നിന്നത്. ജിംബൂട്ടിയിലും ബോൾഗാട്ടി പാലസിലുമായി നാടും വീടുംവിട്ട് ഒറ്റയ്ക്ക് കഴിഞ്ഞപ്പോഴും എല്ലാം സിനിമയ്ക്കു വേണ്ടിയായിരുന്നല്ലോ…എന്നാണ് ദിലീഷിന്റെ ഭാഷ്യം.
സിനിമാ രംഗത്ത് ഏറെ സജീവമായ ഇദ്ദേഹം പുതിയ സിനിമയായ ‘ജിംബൂട്ടി’യുടെ ചിത്രീകരണത്തിന് വേണ്ടി ജിംബൂട്ടിയിലേക്ക് യാത്ര തിരിച്ചപ്പോൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും നാൾ ‘ലോക്കായി’ നിൽക്കേണ്ടി വരുമെന്ന്.
കിഴക്കൻ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത സ്ഥലമാണ് ജിബൂട്ടി. ഇന്ത്യയും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിംബൂട്ടിയും സാംസ്കാരിക മേഖലയിൽ കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ജിംബൂട്ടിയലെ നായകൻ അമിത് ചക്കാലക്കൽ, നായിക ശകുൻ ജസ്വാൾ, അഞ്ജലി നായർ, ആതിര രോഹിത്ത് തുടങ്ങി ഞാൻ ഉൾപ്പടെ 71 പേർ അടങ്ങുന്ന സംഘമാണ് ജിംബൂട്ടിയിലേക്ക് യാത്ര തിരിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ഞങ്ങൾ മാർച്ച് അഞ്ചിനാണ് അവിടെ എത്തുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിർമാതാക്കളുടെ പിന്തുണ കൊണ്ട് ഷൂട്ടിംഗ് പൂർത്തികരിച്ചു.
കേരളത്തിൽനിന്ന് യാത്ര തിരിക്കുന്പോൾ 20 ദിവസത്തെ ഷൂട്ടിന് ശേഷം മടങ്ങാമെന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ഏപ്രിൽ 18 ന് ചിത്രീകാരണം പൂർത്തിയാക്കിയെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽപ്പെട്ട് കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു.
ആദ്യ ഷെഡ്യൂളുകൾ കേരളത്തിൽ പൂർത്തിയാക്കിയ ശേഷമാണ് ജിംബൂട്ടിയിലേക്ക് യാത്ര തിരിച്ചത്. പിന്നീടുള്ള ഷൂട്ട് ജിംബൂട്ടിയിൽനിന്നും മാറി 300 കിലോമീറ്റർ അകലെയുള്ള താജുറ എന്ന ദ്വീപിലായിരുന്നു. അത് കഴിഞ്ഞ് ജിംബൂട്ടിയിലെത്തിയ ഞങ്ങൾ ലോക്ക്ഡൗണ് കാരണം പ്രത്യേകം തയാറാക്കിയ സ്ഥലത്ത് താമസം തുടങ്ങി.
ജിംബൂട്ടിയിൽ വ്യവസായിയായ ജോബി പി. സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേർന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ജിംബൂട്ടി.
ഏപ്രിൽ 18 ന് ചിത്രം പൂർത്തിയായ അന്നുമുതൽ നാട്ടിലെത്തും വരെയുള്ള മുഴുവൻ ചെലവുകളും നിർമാതാവായ ജോബിയാണ് വഹിച്ചത്. കോവിഡ് ഭീഷണിയിലും ഒരു കാര്യത്തിലും ഇവർ കുറവുവരുത്തിയില്ലെന്നും ദിലീഷ് പറയുന്നു.
നിർമാതാവ് പ്രത്യേകമായി ഒരുക്കിയ ചാർട്ടേർഡ് വിമാനത്തിലാണ് ജൂണ് 6ന് ദിലീഷ് കൊച്ചിയിലെത്തിയത്. അവിടുന്ന് നേരെ സർക്കാർ ബോൾഗാട്ടി പാലസിൽ 14 ദിവസം ക്വാറന്റൈൻ ജീവിതം. ജിംബൂട്ടിയിൽ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും സ്വന്തം നാട്ടിലെത്തിയപ്പോഴുള്ള ആശ്വാസം ഒന്നു വേറതന്നെ.
ബോൾഗാട്ടി പാലസിൽ എത്തിയതോടെ ദിലീഷ് വീണ്ടും ഉഷാറായെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു. പഴയ ഒാർമകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കോവിഡ് കാലത്തെയും താരമായി മാറി.