കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ തുടരന്വേഷണം നടത്തുന്ന പോലീസിന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഏറെ നിര്‍ണായകമാണ്.
കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും സംവിധായകന് ആരോപിച്ചിരുന്നു.
പോലീസ് സംരക്ഷണത്തിൽ
ബാലചന്ദ്രകുമാറിന്റെ സുരക്ഷാഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ദിലീപിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെതുടര്ന്നാണിത്.
രഹസ്യമൊഴി നല്‍കാനായി കോടതിയിലേക്കു വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്റെ വീടും സ്ഥലവും സംബന്ധിച്ച് ദിലീപിനോട് അടുപ്പമുള്ള ഒരു നിര്‍മാതാവ് അന്വേഷണം നടത്തിയതായി വിവരം ലഭിച്ചുവെന്നും മുഖ്യമന്ത്രിക്കും പോലീസിനും നല്കിയ പരാതിയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ കളമശേരി ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങിയ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
കൈമാറിയത് 20 ഓളം ശബ്ദരേഖകള്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ 20 ഓളം ഡിജിറ്റല്‍ തെളിവുകളാണ് സംവിധായകന് എറണാകുളം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
ഓരോ ഡിജിറ്റല്‍ തെളിവുകളും നടന്ന സമയവും തീയതിയും അടക്കമാണ് കൈമാറിയത്. ഇതിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ തെളിവുകളുടെ വിശ്വാസ്യത ബോധ്യമാകുമെന്ന് സംവിധായകന് മാധ്യമങ്ങളോടു പറഞ്ഞു.
വിഐപി ആര്?
അതേസമയം സംവിധായകന് വെളിപ്പെടുത്തിയ വിഐപി ആര് എന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഉന്നത ബന്ധമുള്ള ഈ വിഐപിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.
പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
സംവിധായകനെ മൂന്നു തവണ ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം: ഹര്‍ജി 14ലേക്ക് മാറ്റി
നടന് ദിലീപും ബന്ധുക്കളും നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി 14ന് പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ജസ്റ്റീസ് പി. ഗോപിനാഥനാണ് ഹര്‍ജി പരിഗണിക്കുന്നത്.
ദിലീപിനു വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന് ബി. രാമന്‍പിള്ള കോവിഡ് ബാധിതനാണെന്നും ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. അതുവരെ കേസില്‍ നടപടി പാടില്ലെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശം നല്കി.