കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും.
നാളെ രാവില ആലുവ പോലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ നാളെ മകളുടെ പഠനാവശ്യത്തിന് ചെന്നൈയില്‍ പോകാനുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നു ദിലീപ് മറുപടി നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കേണ്ട പശ്ചാത്തലത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
സീരിയല്‍ രംഗത്തുള്ള രണ്ടു സ്ത്രീകളെ ചോദ്യം ചെയ്തു
കേസില്‍ തിരുവനന്തപുരം സ്വദേശികളായ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ട് യുവതികളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.
ഇവരില്‍ നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദിലീപുമായി ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇതില്‍ ഒരു യുവതിയുടെയടക്കം 12 പേരുടെ ചാറ്റുകള്‍ ദിലീപിന്റെ ഫോണില്‍നിന്നു നീക്കം ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഇന്നലെ ചോദ്യംചെയ്ത യുവതികളുമായി ദിലീപ് സംസാരിച്ചതായാണ് വിവരം.
ദിലീപുമായി സിനിമാ ബന്ധത്തിനപ്പുറം മറ്റു ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.
സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം
അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
ഏപ്രില്‍ 14ന് കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ധ്രുതഗതിയിലാണ് അന്വേഷണം നടക്കുന്നത്.
ഹര്‍ജി 29-ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ പ്രതിയായ നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി 29 ലേക്കു മാറ്റി.
തനിക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ഥ് അഗര്‍വാളാണ് ഹാജരാകുന്നതെന്നും അദ്ദേഹത്തിനു ഹാജരാകാന്‍ സമയം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് ഹര്‍ജി മാറ്റിയത്.
സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറെ പ്രതി ചേര്‍ത്തില്ലെന്ന് ക്രൈംബ്രാഞ്ച്
വധഗൂഢാലോചന കേസില്‍ കോഴിക്കോട് സ്വദേശിയായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു.
ജസ്റ്റീസ് പി. ഗോപിനാഥ് ഇതു രേഖപ്പെടുത്തി സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.
ദിലീപിന്റെ ഫോണില്‍നിന്നു ചില രേഖകള്‍ മായിച്ചു കളഞ്ഞത് സായ്ശങ്കറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമയം വേണമെന്നും ഏഴുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാമെന്നും സായ്ശങ്കര്‍ ഇന്നലെ കോടതിയില്‍ അറിയിച്ചു.