കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ “അമ്മ’ പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയത്.
തിങ്കളാഴ്ച അറസ്റ്റിലായ ദിലീപിനെ ഇന്ന് 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് ശേഷം നടന്ന താരസംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ നടന്ന യോഗത്തിൽ മോഹൻലാൽ അമ്മ സെക്രട്ടറി ഇടവേള ബാബു, നടൻമാരായ പൃഥ്വിരാജ്, രമ്യാ നന്പീശൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ആക്രമിക്കപ്പെട്ട തങ്ങളുടെ സഹോദരിക്കൊപ്പമാണെന്നും ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയെന്നും യോഗത്തിന് ശേഷം സെക്രട്ടറി ഇടവേള ബാബു വാർത്താക്കുറിപ്പ് പുറത്തിറക്കി. നടിയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച സംഘടനയിലെ ചില അംഗങ്ങളുടെ നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇനി ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. നടിക്ക് എല്ലാ നിയമ സഹായവും നൽകുമെന്നും താരസംഘടന അറിയിച്ചു.