അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ പോയി കാണണ്ടേ. അതാണ് ഞാനും ചെയ്തത്! ദിലീപിന്റെയും വീട്ടുകാരുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷം നിരവധിയാളുകള്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തികൊണ്ടും, അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടും രംഗത്തെത്തിയിരുന്നു. അതേസമയം, ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്നറിയാന്‍ വെമ്പല്‍കൊള്ളുന്നവരാണധികവും. ഈയവസരത്തിലാണ് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയത്. ശത്രുക്കള്‍ക്കുപോലും അലിവ് തോന്നുന്ന അവസ്ഥയിലാണ് ദിലീപിന് ഇപ്പോള്‍ ഉള്ളതെന്നാണ് സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‌കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

നടന്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയെന്നത് ആരോപണമാണെന്നും ദീലീപ് ശാരീരികമായി തകര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ”ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല.” ഇങ്ങനെയാണ് ദിലീപ് എന്നോടു പറഞ്ഞത്. ഡിജിപിയില്‍ നിന്ന് അനുമതി വാങ്ങിയാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എനിക്ക് ഏറ്റവുമടുത്ത, അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ പോയി കാണണ്ടേ. അതാണ് ഞാനും ചെയ്തത്. തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴ്ച. ചെവിക്കുള്ളിലെ ഫ്‌ളൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാന്‍ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു.

അതിനു ചികിത്സ നല്‍കിയതിനാണ് ഒരു ചാനല്‍ ദിലീപിന് സ്‌പെഷല്‍ ട്രീറ്റ്‌മെന്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേര്‍ക്കൊപ്പമാണ് സെല്ലില്‍ കഴിയുന്നത്. ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്. മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്. ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നത്. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. അവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണ്. എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്.

ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. ഞാന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. ചെയ്യുകയുമില്ല. ചാനലുകള്‍ എന്തിനാണ് ദിലീപിനെതിരെ ഇത്രയ്ക്കു വലിയ കടന്നാക്രമണം നടത്തുന്നതെന്നു മനസിലാകുന്നില്ല. അവര്‍ സത്യത്തിന്റെ കൂടെയാണ് നില്‍ക്കേണ്ടത്. അത് അവര്‍ ചെയ്യുന്നില്ല. എല്ലാവരും സത്യത്തില്‍ ഭയന്നിരിക്കുകയാണ്. ഞാന്‍ അടക്കം ആരും ഒന്നും അധികം സംസാരിക്കാത്തത് ഒരു കൊടുങ്കാറ്റ് വന്നിട്ട് പോകട്ടെ എന്നു വിചാരിച്ചിട്ടാണ്.

 

Related posts