കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടു. ഡയമന്റകോസ്തന്നെയാണ് ക്ലബ് വിടുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഈ സീസണില്‍ ക്ലബ്ബിന്റെയും ലീഗിലെയും ടോപ് സ്കോറര്‍ ആയിരുന്ന ഈ സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
13 ഗോളുകളാണ് ഈ സീസണില്‍ ദിമിത്രിയോസ് നേടിയത്. അതേസമയം ക്ലബ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശമ്പളവര്ധനയില്ലാത്തതാണു താരം ക്ലബ് വിടാന്‍ കാരണമെന്നാണ് സൂചന. രണ്ടു വര്‍ഷത്തെ മനോഹരമായ യാത്രയ്ക്ക് അവസാനമായെന്നും ക്ലബ്ബിനോടും ആരാധകരോടും നന്ദി പറയുന്നുവെന്നും ദിമിത്രിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങള്‍ കളിച്ച ദിമി 28 ഗോളുകള്‍ ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റും സംഭാവന ചെയ്തു. കഴിഞ്ഞ മൂന്നു സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ച പരിശീലകന് ഇവാന് വുകോമനോവിച്ചും കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു.
കൂടുതല്‍ താരങ്ങള്‍ ക്ലബ് വിടാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ 2027 വരെ ക്ലബ് നീട്ടിയിട്ടുണ്ട്.