നിലന്പൂർ: പണം ഇരട്ടിപ്പിക്കൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായതായി സൂചന. അകന്പാടം സ്വദേശിയായ യുവാവിനെതിരെ പരാതിയുമായി തട്ടിപ്പിനിരയായവർ രംഗത്ത്. ഡയമണ്ട് ബിസിനസിൽ പണം മുടക്കിയാൽ ഒരു ലക്ഷത്തിന് മാസത്തിൽ 20,000 രൂപവീതം ലാഭ വിഹിതം നൽകാമെന്ന വാഗ്ദാനവുമായാണ് പലരിൽ നിന്നായി അകന്പാടം നടുവത്ത് കളത്തിൽ ഷബീർ(22) ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് എരഞ്ഞിമങ്ങാട് സ്വദേശിയായ ആലുങ്ങൽ അനീഷ് നിലന്പൂർ പോലീസിൽ പരാതി നൽകിയത്.
തട്ടിപ്പിനിരയായ മറ്റു ആറു പേർക്കൊപ്പമെത്തിയാണ് അനീഷ് പരാതി നൽകിയത്. ഒരു വർഷം മുന്പാണ്് പണം സ്വരൂപിക്കലിനു തുടക്കമിട്ടത്. നാല് മാസത്തോളം നിക്ഷേപകർക്കു കൃത്യമായി ലാഭവിഹിതം നൽകി. ഇതോടെ വിശ്വാസത്തിലായ ഇടപാടുകാർ കൂടുതൽ പണം നിക്ഷേപമായി നൽകി.
20 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ചെക്ക് ഉൾപ്പടെയുള്ളവ യുവാവ് തെളിവായി നൽകിയിട്ടുണ്ട്. തുടർന്നു ലാഭവിഹിതം കിട്ടാതായതോടെ നിക്ഷേപ തുക ആവശ്യപ്പെട്ടു പലരും യുവാവിനെ സമീപിച്ചു. ഇതോടെ ഷബീർ മുങ്ങുകയായിരുന്നു. തുടർന്നു മകനെ കാണാനില്ലെന്നു പറഞ്ഞ് രക്ഷിതാക്കൾ നിലന്പൂർ പോലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിൽ ഷബീറിനെ പോലീസ് ഇതര സംസ്ഥാനത്തിൽ നിന്നു കണ്ടെത്തി പിടികൂടി.
കാണാതായതിനുള്ള കേസിൽ കോടതിയെ ഹാജരാക്കിയ യുവാവിനെ രക്ഷിതാകൾക്കൊപ്പം വിട്ടയച്ചു. പിന്നീടാണ് പണം നഷ്ടപ്പെട്ട നിക്ഷേപകർ പരാതിയുമായി നിലന്പൂർ സ്റ്റേഷനിലെത്തിയത്. നേരത്തെ പരാതിയുമായി രംഗത്തെത്തിയവരെ കൊടുത്ത പണം തിരികെ ലഭിക്കില്ലെന്നു ചിലർ തെറ്റിദ്ധരിപ്പിച്ച് പരാതിയിൽ നിന്നു പിൻമാറാൻ ശ്രമം നടത്തിയിരുന്നു.
കേസെടുക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നുവെന്നും ആദ്യം പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചുവെന്നും തട്ടിപ്പിനിരയായവർക്കു പരാതിയുണ്ട്. അകന്പാടം സ്വദേശികളായ 30 ഓളം പേരാണ് തട്ടിപ്പിൽ കുടുങ്ങിയത്.
വീടും പുരയിടവും ആഭരണങ്ങളും മറ്റും പണയപ്പെടുത്തിയാണ് പലരും പണം നിക്ഷേപിച്ചത്. നിരന്തരം പ്രലോഭിപ്പിച്ചാണ് ഷബീർ തട്ടിപ്പ് നടത്തിയിരുന്നത്. അകന്പാടത്തെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന ഷബീർ അടുത്ത് കാലത്ത് കോഴിക്കോട്, ചെന്നൈ, കോയന്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്വർണം, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നു തെറ്റിദ്ധരിപ്പിച്ചു നിക്ഷേപം സ്വീകരിക്കുവാൻ തുടങ്ങിയതെന്നു യുവാവിന്റെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു ആദ്യഗഡുവായി 25000 രൂപയും പിന്നീട് വ്യത്യസ്ത സമയങ്ങളിലായി ഒരു ലക്ഷം, 3.75 ലക്ഷം, നാലു ലക്ഷം എന്നിങ്ങനെ ഷബീറിനു നൽകിയതായി അനീഷ് പറയുന്നു. ഒൻപതു ലക്ഷം രൂപയാണ് ഇതിലൂടെ നഷ്ടമായത്. ലാഭവിഹിതമായി ഒരു രൂപ പോലും ഷബീർ നൽകിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഷബീറിന്റെ ഒരു ബന്ധുവിനു നഷ്ടമായത് 19 ലക്ഷം രൂപയാണ്.
അകന്പാടം സദ്ദാം ജംഗ്ഷൻ പരിസരത്ത് നിന്നുമാത്രം 30 ഓളം പേരാണ് അമിതലാഭം പ്രതീക്ഷിച്ചു ഷബീറിന്റെ വലയിൽ കുടുങ്ങിയത്. അതേ സമയം പരാതിയിൽ കേസെടുക്കാതിരിക്കാൻ പോലീസിനു മേൽ സമ്മർദവും ശക്തമായിട്ടുണ്ട്.