ചെങ്ങന്നൂർ: അഞ്ചു വർഷം മുന്പ് നഷ്ടപ്പെട്ട വജ്രക്കല്ല് കണ്ടെത്താൻ പരാതി നൽകിയ റിട്ട. റെയിൽവേ മജിസ്ട്രേറ്റ് അന്വേഷണം തത്കാലം വേണ്ടെന്ന് അറിയിച്ച് പോലീസിനെ സമീപിച്ചു. റിട്ട. റെയിൽവേ മജിസ്ട്രേറ്റ് കെ.കെ. അനുജനാണ് പരാതിയിൽ തത്കാലം കേസ് അന്വേഷണം തുടരേണ്ടതില്ലെന്ന് പോലീസിനെ അറിയിച്ചത്.
2014 ജൂണിൽ അടൂർ സ്വദേശികളായ കമലൻ, നിബുരാജ് എന്നിവർ വജ്ര വ്യാപാരികളെന്ന വ്യാജേന അനുജന്റെ ചെങ്ങന്നൂരിലെ വീട്ടിലെത്തുകയും സംസാരത്തിനിടെ ഡയോപ് സൈഡ് എന്ന പേരിൽ അറിയപ്പെടുന്ന വജ്രക്കല്ലുമായി കടന്നുകളയുകയായിരുന്നുവെന്നുമാണ് അനുജൻ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സിഐ എം.സുധിലാലിനു നൽകിയ പരാതിയിൽ പറയുന്നത്. തട്ടിപ്പു നടന്ന് അഞ്ചു വർഷത്തോളം പരാതി ഒന്നും നൽകാതിരുന്ന അനുജൻ കല്ല് മറ്റാർക്കോ വിറ്റെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് കേസ് അന്വേഷണം തുടരേണ്ടതില്ലെന്ന് അനുജൻ പോലീസിനെ അറിയിച്ചത്. തനിക്ക് തന്റെ മാതാവിൽ നിന്നു ലഭിച്ചതാണ് നഷ്ടപ്പെട്ട വിലയേറിയ വജ്രക്കല്ല് എന്നാണ് അനുജൻ പറയുന്നത്.