കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസ് ഇന്ന് കാക്കനാട്ടെ ഓയോ റൂമിൽ തെളിവെടുപ്പ് നടത്തും.
കൂട്ട ബലാത്സംഗത്തിനുശേഷം മോഡലിനെ കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ ഓയോ റൂമിലാണ് പ്രതികളെ ഇറക്കിവിട്ടത്.കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ(ഡോളി21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ(26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ(35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരുമായാണ് എറണാകുളം സൗത്ത് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.
ഇന്നലെ പ്രതികളുമായി പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയുണ്ടായി.
തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു നിന്നു. എല്ലാ പ്രതികളെയും ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതികൾ മോഡലുമായി എത്തിയ പ്രദേശങ്ങളിലേതു ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.
പ്രതികളും അതിജീവിതയും മദ്യപിക്കുന്ന ദൃശ്യങ്ങൾ ഇതിൽ നിന്നു ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി പ്രതികൾ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ചില ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകുന്നുമില്ല. പ്രതികളെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുകയുണ്ടായി. ബാറിൽ ഇവരെ കണ്ട വ്യക്തികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അതേസമയം നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ തന്നെയാണ് സംഭവത്തിന്റെ ആസൂത്രക എന്ന നിഗമനത്തിലാണ് പോലീസ്. പീഡനത്തിന് ഇരയായ യുവതിയും മോഡലായ ഡിംപിളും സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും വിവരമുണ്ട്.
ഡിംപിളിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ ഫോണ് വിവരങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.
പ്രതികളുടെ കസ്റ്റഡി കാലാവധി 26-ന് തീരും. അതിനു മുന്പ് വിശദമായ ചോദ്യം ചെയ്യലിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ 17ന് രാത്രി പത്തരയോടെയാണ് മോഡലിനെ മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തത്.