കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സജീവമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.
മറ്റാരെയെങ്കിലും ഇവർ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ സുഹൃദ് വലയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഡിംപിളിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും വിവരങ്ങൾ തേടും. സംഭവശേഷം കാണാതായ ഡിംപിളിന്റെ ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമവും തുടരുകയാണ്.
ഇരയായ പെണ്‍കുട്ടിയെ സംഭവത്തിലേക്ക് ഇവർ തള്ളിവിടുകയായിരുന്നുവെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം. ഇത് സാധൂകരിക്കുന്ന മൊഴിയും പെണ്‍കുട്ടി നൽകിയിരുന്നു.
മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതൽ സാന്പിളുകൾ ശേഖരിച്ചിരുന്നു. ഈ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികളായ ഡിംപിൾ ലാംപ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ് എന്നിവർ റിമാൻഡിലാണ്.