തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി നിർമാണം നടക്കുന്നത് പാലക്കാട് – തമിഴ്നാട് അതിർത്തിയിലെന്ന് പോലീസ്. തൊഴിലാളികൾ ഭൂരിഭാഗവും ദിനേശ് ബീഡി കമ്പനിയിൽ നിന്ന് വിരമിച്ചവരെന്നും പോലീസ് പറയുന്നു. ഇന്നലെ തളിപ്പറമ്പിൽ അറസ്റ്റിലായ വായാട്ടുപറമ്പിൽ താമസക്കാരനായ എരുവാട്ടി സ്വദേശി അലകനാൽ ഷാജി ജോസഫിനെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്ക് ബീഡി എത്തിച്ചു കൊടുക്കുന്ന പുതിയതെരു അരയമ്പേത്തെ കരിമ്പിൻകര പ്രവീണിനെയും (45) പോലിസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 വർഷമായി വ്യാജബീഡി കേരളം മുഴുവനും വിതരണം ചെയ്യുന്ന പയ്യന്നൂർ കുന്നരു സ്വദേശിയാണ് മുഖ്യസൂത്രധാരൻ. കോടികൾ ആസ്തിയുണ്ടാക്കിയ ഇയാൾക്ക് തമിഴ് നാട്ടിൽ ഫാം ഹൗസുകളുമുണ്ടെന്ന് പോലീസ്’ പറഞ്ഞു.
നൂറിലേറെ ഏജന്റുമാർ ഇയാൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. റിമാൻഡിലായ ഷാജി ജോസഫിന് പ്രവീണിനെ പരിചയപ്പെടുത്തിയത് ആലക്കോട്ടുകാരനായ ഒരു ഏജന്റാണെന്ന് പോലീസ് പറഞ്ഞു. ദാദാഭായ്, പാൻരാജ്, ബംഗാളി ബീഡി, റയാൻ ബീഡി എന്നിവയുടെ ഏജൻസിയോടൊപ്പമാണ് ഷാജി വ്യാജ ദിനേശ് ബീഡിയുടെ വിൽപ്പനയും നടത്തിയത്.
ആലക്കോട്, ചപ്പാരപ്പടവ് ,ചെറുപുഴ, ചിറ്റാരിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ബീഡി വിൽപന കുത്തനെ ഇടിഞ്ഞതോടെ പ്രദേശത്തെ കടകളിൽ ദിനേശ് ബീഡി മാർക്കറ്റിംഗ് വിഭാഗം മാനേജർ സന്തോഷ്, സംഘം ഡയറക്ടർ എം.ദാസൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ കടകളിൽ യഥേഷ്ടം ദിനേശ് ബീഡി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇവ ദിനേശ് ബീഡി വിപണന ഏജൻസിയിൽ നിന്നായിരുന്നില്ല.
തുടർന്ന് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഒറിജിനലിനെ അനുകരിച്ചുള്ള വ്യാജ ബീഡിയാണെന്ന് വ്യക്തമായത്. തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന് ഡയ രക്ടർ ദാസൻ നൽകിയ പരാതിയിൽ എസ്ഐ കെ.പി.ഷൈൻ, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ കെ.പ്രദീഷ്, സുരേഷ് കക്കറ , കെ.വി.രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. .
മലയോര മേഖലകളിൽ സാധനങ്ങൾ വാഹനത്തിൽ വിൽപ്പന നടത്തുന്നവരെ കൂടുതൽ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് വ്യാജബീഡി വിൽപ്പനയിലേക്ക് കൊണ്ടുവരുന്നതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
ഒരു പായ്ക്കറ്റ് വ്യാജബീഡി വിറ്റാൽ 100 രൂപ വരെയാണ് ഏജൻസി കമ്മീഷൻ ലഭിക്കുന്നത്. സൂക്ഷ്മമായി പരിശോധന നടത്തിയാൽ മാത്രമേ വ്യാജ ബീഡി തിരിച്ചറിയാൻ കഴിയൂ. സംസ്ഥാനം മുഴുവൻ വേരുകളുള്ള ഈ സംഘത്തെ ദിവസങ്ങൾക്കുള്ളിൽ പിടികൂടുമെന്നും പോലീസ് സൂചിപ്പിച്ചു.