തലശേരി: മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി “സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ട കേസില്‍ കൊലയാളി സംഘത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തലശേരി ജില്ലാ കോടതി പരിസരത്ത് മോഷണ കേസുകളിലെ പ്രതികള്‍ നടത്തിയ രഹസ്യ സംഭാഷണം ചോര്‍ന്നതോടെയാണ് നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും അഞ്ചു വര്‍ഷം അന്വേഷണം നടത്തിയിട്ടും തുമ്പു ലഭിക്കാത്ത കേസിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞദിവസം തലശേരിയിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ടൗണ്‍ സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തൊണ്ടി മുതലുകള്‍ അടക്കം പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ട് മോഷ്ടാക്കള്‍ കോടതി പരിസരത്ത് നടത്തിയ രഹസ്യ സംഭാഷണത്തിലാണ് ദിനേശനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചെത്തായത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ലോക്കല്‍ പോലീസും സിബിഐയും ഊര്‍ജിത അന്വേഷണമാരംഭിച്ചു. റിമാൻഡിൽ കഴിയുന്ന മോഷണ കേസുകളിലെ ചില പ്രതികളെ അടിയന്തരമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മലയാളികളടങ്ങിയ സംഘമാണ് ദിനേശനെ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണമാണെന്നു കരുതി കടയിലുണ്ടായിരുന്ന 50 പവനോളം മുക്കുപണ്ടങ്ങള്‍ കൈക്കലാക്കി. ഇത് സംഘാംഗങ്ങളിലൊരാളുടെ മകളുടെ വിവാഹത്തിന് ഉപയോഗിച്ചു. പിന്നീട് വരന്റെ വീട്ടുകാര്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ വിവാഹബന്ധം താറുമാറാകുകയും ഒടുവില്‍ വിവാഹ മോചനത്തിലെത്തുകയും ചെയ്തതായും പറയപ്പെടുന്നു. വിവാഹ മോചനം നടന്നതോടെയാണ് മുക്കുപണ്ടത്തെകുറിച്ചുള്ള ചര്‍ച്ച സജീവമായതും മോഷ്ടാക്കളുടെ ഇടയില്‍ സംഭവം സംസാര വിഷയമായതും.
അഞ്ചു വര്‍ഷത്തെ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് ഹെഡ് ഓഫീസിൽ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് വാധ്യാര്പീടികയിലെ പഴക്കമുള്ള കിണര്‍ ഉള്‍പ്പെടെ വെള്ളം വറ്റിച്ച് സിബിഐ സംഘം തെളിവ് തേടിയിരുന്നു.
2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്ന സൂചനയാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐ യും നല്‍കിയിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
ലോക്കല്‍ പോലീസിന്റെയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയാതിരുന്നപ്പോഴാണ് ദിനേശന്റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹർജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വാഷണത്തിന് ഉത്തരവിട്ടത്.