തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി വിപണന രംഗത്തെ മുഖ്യപ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഒ.പി. മുഹമ്മദ് കോയ (60) ആണ് പോലീസിനെ വെട്ടിച്ച് കടന്നത്. ഇയാളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.മുഹമ്മദ് കോയയുടെ വീട്ടിൽ നിന്നും 18,000 കെട്ട് വ്യാജ ദിനേശ്ബീഡിയും ശിവകാശിയിൽ അച്ചടിച്ച നിരവധി ലേബലുകളും പിടിച്ചെടുത്തു.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.പി.ഷൈൻ, എഎസ്ഐ വി.എ. മാത്യു, ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ എന്നിവർ താമരശേരി പോലീസിന്റെ സഹായത്തോടെ വനിതാ പോലീസിനെ ഉൾപ്പെടെ ഉൾപ്പെടുത്തി സെർച്ച് വാറണ്ട് പ്രകാരം വീട്ടിലെത്തിയപ്പോഴാണ് പോലീസ് വരുന്ന വിവരമറിഞ്ഞ് പ്രതി രക്ഷപ്പെട്ടത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലയിലെ കോഴിക്കോട് അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ വ്യാജ ദിനേശ് ബീഡി വർഷങ്ങളായി ഇയാൾ വിപണനം ചെയ്തു വരികയാണ് കോയയെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ മുകളിൽ കൊപ്ര ഉണക്കാനിട്ടതിന്റെയൊപ്പം അടുക്കുകളായി ഒളിച്ചു വെച്ച 18000 കെട്ട് വ്യാജ ദിനേശ് ബീഡി പോലീസ് പിടിച്ചെടുത്തു. വർഷങ്ങളായി വ്യാജബീഡി വില്പ രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് കോയ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല. നേരത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം പ്രതിനിധികൾ മുഹമ്മദ് കോയയുടെ വീട്ടിൽ പരിശോധനക്ക് വന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ശിവകാശിയിലെ മുരുകൻ എത്തിച്ചു നൽകിയ വ്യാജ ബീഡിയുടെ സ്റ്റിക്കറും ലേബലുകളും ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ വ്യാജബീഡി വിപണന രംഗത്തെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ബീഡി നിർമിച്ച് കേരളത്തിലെത്തിക്കുന്ന ജോൺസൺ, ശിവകാശിയിലെ മുരുകൻ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളതെന്ന് പോലീസ് പറഞ്ഞു.
ജോൺസന്റെ വ്യാജ ബീഡി ഉൽപ്പാദന കേന്ദ്രത്തിൽ മുന്നൂറിലേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട വ്യാജ ബീഡി നിർമ്മാണ സംഘത്തലവൻ പയ്യന്നൂർ കുന്നരുവിലെ വി.രാജീവനെ തളിപ്പറമ്പ് പോലീസ് 5 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയയുടെ വീട്ടിൽ റെയ്ഡ് നടന്നത്.