തലശേരി: നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് 23 ന് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശ(52)ന് കൊല്ലപ്പെട്ട സംഭവത്തിലാണ് നാല് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. തുന്പ് കണ്ടെത്താൻ പോലും സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലായ് മാസത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടങ്കിലും പിന്നീട് ഒരു അന്വേഷണ പുരോഗതിയും ഉണ്ടായില്ലെന്നു ദിനേശന്റെ ബന്ധുക്കൾ ആരോപിക്കുന്നു.അഞ്ച് മാസം മുമ്പ് വരെ ദിനേശന്റെ ബന്ധുക്കളുള്‍പ്പെടെയുള്ളവരെ നിരന്തരം തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.
ഓരോ ഘട്ടത്തിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന സൂചന നല്‍കിയിരുന്ന സിബിഐക്ക് ഇപ്പോള്‍ ഒന്നും പറയുന്നില്ല.മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. നഗരത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്പനന നടത്തുന്ന സഹോദരങ്ങളുള്‍പ്പെടെ സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്ന് പേരെയാണ് സിബിഐ സംഘം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സിബിഐ യുടെ കൈയിലെത്തുന്നത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും പ്രതിയെ പിടികൂടാത്ത സാഹചര്യത്തില്‍ ദിനേശന്റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ നല്കിയ ഹർജിയെ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് സിബിഐയിലെ എസ്പി യുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വാടക വിവാദം വന്നതോടെ തലശേരി റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു. റസ്റ്റ് ഹൗസിലെ രണ്ട് മുറികൾ ഇപ്പോഴും സിബിഐ യുടെ കൈവശമുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരുടെ വരവ് അപൂര്‍വമാണെന്ന് റസ്റ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.