അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക് വിരമിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരായ 2024 സീസണ് എലിമിനേറ്റർ പോരാട്ടത്തിനുശേഷം ദിനേശ് കാർത്തികിന് ആർസിബി സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. അതുപോലെ മത്സരശേഷം സ്റ്റേഡിയം വലംവച്ച് കാർത്തിക് ആരാധകർക്ക് നന്ദിയറിയിച്ചു.
ഈ ഐപിഎല്ലോടുകൂടി കളംവിടുകയാണെന്ന് നേരത്തേ കാർത്തിക് അറിയിച്ചിരുന്നു. ഐപിഎല്ലിൽ ആറ് ടീമുകൾക്കായി കാർത്തിക് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുള്ള രണ്ടാമത് വിക്കറ്റ് കീപ്പറാണ് കാർത്തിക്. 257 മത്സരങ്ങളിൽനിന്ന് 4842 റണ്‍സ് ഐപിഎല്ലിൽ ഈ തമിഴ്നാട് സ്വദേശി സ്വന്തമാക്കി. മുപ്പത്തെട്ടുകാരനായ താരം ഐപിഎല്ലിൽ 22 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്.
2008 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) ടീമിലായിരുന്നു. പിന്നീട് പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയണ്‍സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കുവേണ്ടിയും കളിച്ചു. 2024 സീസണിൽ 15 മത്സരങ്ങളിൽനിന്ന് 36.22 ശരാശരിയിൽ 326 റണ്‍സ് നേടി. 187.36 ആണ് സ്ട്രൈക്ക് റേറ്റ്.