മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓൾ റൗണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. അവസാന മത്സരം കളിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് താരം ക്രിക്കറ്റിനോട് വിടവാങ്ങുന്നത്.
2007ൽ ബംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്. അതിനു ശേഷം ബിസിസിഐ താരത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിനായിരുന്നു വിലക്ക്. ഇദ്ദേഹത്തോടൊപ്പം വിലക്കു ലഭിച്ച പല താരങ്ങളും മാപ്പ് ലഭിച്ച് പിന്നീട് തിരിച്ചെത്തിയെങ്കിലും മോംഗിയ മടങ്ങിയെത്തിയില്ല.
1995ൽ അണ്ടർ 19 ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടി കളിയാരംഭിച്ച താരം 2001ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 57 ഏകദിനങ്ങളിൽ നിന്നായി 1230 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 14 വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ സെലക്റ്ററായിരുന്നു മോംഗിയ.