കണ്ണൂർ: കയർ, ഖാദി ബോർഡുകളിൽ മിനിമം കൂലി ഉറപ്പുവരുത്തിയതുപോലെ ദിനേശ് സൊസൈറ്റിയുടെ കീഴിലുള്ള തൊഴിലാളികൾക്കും ഇതു ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ദിനേശ് സുവർണ ജൂബിലി ആഘോഷം ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കയർ-ഖാദി ബോർഡുകളിൽ മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതു ദിനേശിലും നടപ്പാക്കുന്നതോടെ തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പുവരുത്താനാകും. ദിനേശിന്റെ പ്രതിസന്ധിഘട്ടത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ക്ഷാമബത്തപോലും നൽകാൻ സാധിച്ചിട്ടില്ല. ദിനേശ് സഹകരണ സംഘം കൃത്യമായി കണക്ക് സൂക്ഷിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണ്.
രണ്ടു ഘട്ടങ്ങളിലായി 12 കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഇതു ദിനേശ് സൊസൈറ്റി അടച്ച നികുതിക്ക് സമാശ്വാസമായി അനുവദിച്ചതാണ്. ഇതിനുപുറമെ ബീഡി തൊഴിലാളികൾക്ക് വരുമാനം ഉറപ്പുവരുത്തുന്നതിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയും വിതരണം ചെയ്തിട്ടുണ്ട്. 10,000 ബീഡിതൊഴിലാളികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
കണ്ണൂർ ജില്ലയിലെ പൊതുപ്രവർത്തകർക്ക് ആത്മബന്ധമുള്ള പ്രസ്ഥാനമാണ് കേരള ദിനേശ് ബീഡി. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലെ ഒരു പ്രധാന ഏടാണിത്. ബീഡി വ്യവസായം തകർന്നത് പുകവലിക്ക് എതിരേ സർക്കാരിന്റെ ബോധവത്കരണ പ്രചാരണം മൂലമാണ്. ബീഡി തൊഴിലാളികളുടെ എണ്ണം കുറച്ചതും വ്യവസായത്തിന് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
1968 ൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ബീഡി മുതലാളിമാർ ബീഡി കന്പനി അടച്ചുപൂട്ടിയതിനെതിരേ നടന്ന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എംഎൽഎമാരായ സി. കൃഷ്ണൻ, എ.എൻ. ഷംസീർ, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സംഘാടകസമിതി ചെയർമാൻ കെ.പി. സഹദേവൻ, ദിനേശ് കേന്ദ്രസംഘം ചെയർമാൻ സി. രാജൻ, ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്ര സ്ത്രീമുന്നേറ്റത്തെ വിളിച്ചോതുന്നതായിരുന്നു. നൂറുകണക്കിനു സ്ത്രീകൾ വിവിധ നിറത്തിലുള്ള സാരിയണിഞ്ഞ് മുത്തുക്കുടയുമേന്തി ചിട്ടയായി നടന്നുനീങ്ങിയ പ്രകടനം വർണശബളമായിരുന്നു. ഘോഷയാത്ര കാണാൻ നിരവധി പേർ നഗരത്തിലെത്തിയിരുന്നു.
വൈകുന്നേരം നാലോടെ ആരംഭിച്ച ഘോഷയാത്രയിൽ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു. മുത്തുക്കുട, ബാൻഡ്മേളം, ചെണ്ടമേളം, ഫ്ളോട്ടുകൾ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ദിനേശ് ബീഡിയുടെ വിവിധ യൂണിറ്റുകളുടെ ബാനറിനുപിന്നിലാണ് തൊഴിലാളികൾ അണിനിരന്നത്.