മുക്കം: കൈപ്പത്തി ചിഹ്നം ആലേഖനം ചെയ്ത തിളങ്ങുന്ന വസ്ത്രം ധരിച്ച്, തലപ്പാവ് വെച്ച്, കോൺഗ്രസിന്റെ വലിയ കൊടി പിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ അയാൾ നടന്നു. ചെരിപ്പ് ധരിക്കാതെയുള്ള കിലോമീറ്ററുകൾ നീണ്ട നടത്തത്തെ തുടർന്ന് കാലിന്റെ അടിഭാഗം പൊട്ടിത്തുടങ്ങിയിരുന്നു.
കോഴിക്കോട് മുക്കത്തെ റോഡ് ഷോയിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹമെത്താറായപ്പോൾ അയാൾ അനൗൺസ്മെന്റ് വാഹനത്തിന് മുകളിൽ ഓടിക്കയറി കയ്യിലുണ്ടായിരുന്ന കൊടി വേഗത്തിൽ വീശി. ആർപ്പുവിളികളുമായി പ്രവർത്തകർ ചുറ്റും കൂടി. ചെരിപ്പ് ധരിക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ മറുപടി ഇങ്ങനെ. അതൊരു പ്രതിജ്ഞയാണ്. രാഹുൽ പ്രധാനമന്ത്രിയായിട്ടെ ഞാനിനി ചെരിപ്പ് ധരിക്കൂ…
ഹരിയാന ജിന്റ് സ്വദേശിയായ ദിനേഷ് കുമാറിന് എട്ട് വർഷങ്ങൾക്ക് മുൻപാണ് രാഹുൽ ഗാന്ധിയോട് ആരാധന തോന്നിത്തുടങ്ങിയത്. ഇതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലെല്ലാം ദിനേശ് രാഹുലിനെ അനുഗമിച്ചു. ചിലവ് കുറയ്ക്കാനായി തീവണ്ടികളിലായിരുന്നു യാത്രകളേറെയും. ചിലവുകളെല്ലാം പാർട്ടി വഹിക്കും. കർഷക കുടുംബത്തിൽ ജനിച്ച ദിനേശ് ബിരുദധാരിയാണ്.
കുടുംബാംഗങ്ങളെല്ലാം കോൺഗ്രസുകാർ.രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോകളിൽ പങ്കെടുക്കാൻ കഴിഞ്ഞ ഏഴിനാണ് ദിനേഷ് കേരളത്തിലെത്തിയത്. ഡൽഹിയിൽ നിന്ന് കൊച്ചി വരെ വിമാനത്തിലെത്തി. അവിടെ നിന്ന് റോഡ് മാർഗം നിലമ്പൂരിലും. സുൽത്താൻ ബത്തേരിയിലെ റോഡ് ഷോയ്ക്കിടെ ഇരുനില കെട്ടിടത്തിന്റെ ഓടിന് മുകളിൽ കയറി നിന്ന് സാഹസികമായി കൊടി വീശിയത് ശ്രദ്ധേയമായിരുന്നു. നിരവധി പ്രവർത്തകരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത്.
രാഹുലിനോട് ഇത്ര ആരാധന തോന്നാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ, രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ സാധിക്കൂവെന്നും തന്റെ ജീവനും ജീവിതവും രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു മറുപടി. രാഹുൽ ഇനി കേരളത്തിൽ വരുമ്പോൾ താൻ ഒപ്പമുണ്ടാകുമെന്നും ദിനേശ് പറഞ്ഞു.