തളിപ്പറമ്പ്: ദിനേശ് ബീഡിയുടെ വ്യാജ ലേബലുകൾ എത്തിച്ചു നൽകിയ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ, തിരുത്തങ്കൽ മുരുകൻ കോളനി പള്ളിപ്പട്ടി റോഡിൽ ആർ.മുരുകയ്യ (61) നെയാണ് ശിവകാശിയിൽ വച്ച് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറ് മാസമായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ശിവകാശിയിലെത്തിയതായി സൂചന ലഭിച്ചതനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തി മുരുകയ്യയെ പിടികൂടിയത്. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈൻ, ക്രൈംസ്ക്വാഡിലെ സീനിയർ സിപിഒമാരായ സുരേഷ് കക്കറ, ടി.കെ.ഗിരീഷ് , തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ വിനയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിതിരിക്കയാണ്. കേരളത്തിലും പുറത്തും വ്യാപകമായി വ്യാജ ദിനേശ് ബീഡി വിറ്റഴിച്ച സംഘത്തെ വലയിലാക്കിയതിന് ഇതിന് നേതൃത്വം നൽകിയ പോലീസ് സംഘത്തെ ദിനേശ് ബീഡി സഹകരണ സംഘം ആദരിച്ചിരുന്നു.