ചാലക്കുടി: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാലക്കുടി പാപ്പി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ചനനിലയത്തിൽ ദിനേശ് പ്രഭു(28)വിനെയാണ് സിഐ ജെ.മാത്യു, എസ്ഐ കെ.വി.സുധീഷ്കുമാർ എന്നിവർ ചേർന്ന് ബാംഗളൂരു എയർപോർട്ടിൽനിന്നും അറസ്റ്റുചെയ്തത്. എൻജിനീയറായ പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു.
2015 മുതൽ 2016 വരെ യുവതിയെ ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിൽവച്ച് പലപ്രാവശ്യം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയനുസരിച്ചാണ് അറസ്റ്റ്. യുവതി പോലീസിൽ പരാതി നല്കിയതായി അറിഞ്ഞ പ്രതി ബാംഗ്ലൂരിൽ ഒളിവിൽ താമസിക്കുകയും തുടർന്ന് വിദേശത്തേക്കു കടക്കുകയും ചെയ്തു. പ്രതിക്കെതിരെ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റുചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ മുരളി, കെ.കെ.ബാബു, എസ്.ഐ. ഉണ്ണികൃഷ്ണൻ, സിപിഒമാരായ രാജേഷ് ചന്ദ്രൻ, ആൻസൻ പൗലോസ്, വനിത സീനിയർ സിപിഒ ഷീബ അശോകൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.