പുതിയ ദിലീപ് ചിത്രം പ്രഫസർ ഡിങ്കൻ ഒരുക്കുന്നത് ത്രീഡിയിൽ. ചിത്രം ത്രീഡിയിൽ തന്നെയാണ് ഒരുക്കുന്നതെന്ന് ചിത്രത്തിലെ നായിക നമിതാ പ്രമോദും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ കാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഫസർ ഡിങ്കൻ. റാഫി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീപും റാഫിയും മജീഷ്യൻമാരായിട്ടാണ് അഭിനയിക്കുന്നത്.
ഈ ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകൾ ആയാണ് നമിത പ്രമോദ് അഭിനയിക്കുന്നത്. നമിത മാജിക് ട്രിക്കുകളൊന്നും ചിത്രത്തിൽ കാണിക്കുന്നില്ല. അതേസമയം, ദിലീപും റാഫിയും ചിത്രത്തിൽ അഭിനയിക്കാൻ മാജിക് പഠിച്ചിരുന്നു.
പൂർണമായും ത്രീഡി കാമറ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മുംബൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ത്രീഡി വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ത്രീഡിയിൽ ഷൂട്ട് ചെയ്യുന്നതുകൊണ്ട് തന്നെ അഭിയിക്കുന്ന രീതിയിലും ധരിക്കുന്ന വസ്ത്രങ്ങളുടെ കളറിൽ പോലും ഒരുപാട് മാറ്റങ്ങൾ ഉണ്ടെന്ന് നമിത വെളിപ്പെടുത്തുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ തായ്ലൻഡ്, ദുബായ് എന്നീ വിദേശരാജ്യങ്ങളിലും ചിത്രീകരണം ആലോചിക്കുന്നുണ്ട്.