മക്കൾ വലുതായി കഴിഞ്ഞാൽ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാറുണ്ട്. പട്ടിണി കിടന്നും വെയിലുകൊണ്ടുമൊക്കെ കഷ്ടപ്പെട്ട് പണിയെടുത്ത് വളർത്തി വലുതാക്കിയ മക്കൾ അച്ഛനമ്മമാരെ തള്ളിപറയുന്ന കാലവും കൂടിയാണിത്.
അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മകന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ആര്യന് മിശ്ര തന്റെ അച്ഛനോടും അമ്മയോടുമൊപ്പം പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി ന്യൂഡൽഹിയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവാവ്.
തന്റെ മാതാപിതാക്കളോടൊത്തുള്ള ഫോട്ടോയും യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒപ്പം എഴുതിയ കുറിപ്പാണ് എല്ലാവരേയും അതിശയിപ്പിച്ചത്.
‘എന്റെ അച്ഛൻ 1995-2000 കാലഘട്ടത്തിൽ ന്യൂഡൽഹിയിലെ ഐടിസിയിൽ വാച്ച്മാനായിരുന്നു; ഇന്ന്, എനിക്ക് അദ്ദേഹത്തെ അതേ സ്ഥലത്തേക്ക് അത്താഴത്തിന് കൊണ്ടുപോകാൻ കഴിഞ്ഞു’ എന്നാണ് ആര്യൻ കുറിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിലെ വിലയേറിയ വിഭവങ്ങള്‍ ഇവരുടെ മേശപ്പുറത്ത് നിരന്നിരിക്കുന്നതും യുവാവ് പങ്കുവച്ച ഫോട്ടോയിൽ കാണാം.