ബെയ്ജിംഗ്: മുട്ടിക്കുള്ളിൽനിന്ന് വിരിയാൻ തയാറെടുക്കുന്ന ദിനോസർ ഭ്രൂണം കണ്ടെത്തി. തെക്കൻ ചൈനയിലെ ഗൗൻഷൗവിലെ ക്രിറ്റേഷ്യസ് പാറകളിൽനിന്നാണ് 66 ദശലക്ഷം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണമായ ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകർ പറഞ്ഞു.ദിനോസറുകൾ വിരിയിക്കുന്നതിന് തൊട്ടു മുൻപുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്.
പല്ലില്ലാത്ത തെറോപോഡ് ദിനോസർ അല്ലെങ്കിൽ ഓവിറാപ്റ്റോറോസർ വിഭാഗത്തിൽപ്പെടുന്നതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. “ബേബി യിംഗ്ലിയാംഗ്’ എന്നാണ് ഭ്രൂണത്തിന് ഗവേഷകർ പേരിട്ടിരിക്കുന്നത്.
ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് കൂടുതൽ ധാരണയും വ്യക്തതയും വരുത്താൻ ഈ കണ്ടെത്തൽ സഹായിക്കും.
ഭ്രൂണം “ടക്കിംഗ്’ എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്നും ആധുനിക പക്ഷികളിലെ ഇത്തരം സ്വഭാവം ആദ്യം പരിണമിച്ചത് അവയുടെ ദിനോസർ പൂർവികരിൽനിന്നുമാകാമെന്നും ഗവേഷകർ പറയുന്നു.