ഓക്സ്ഫോർഡ്ഷെയറിലെ സ്ലേറ്റ് ക്വാറികളിൽ നിന്ന് 1600-കളുടെ അവസാനത്തിൽ ചില ഫോസില്‍ അസ്ഥികള്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഇങ്ങനെയുള്ള സാധനങ്ങൾ ആദ്യമായി ലഭിച്ചപ്പോൾ അവ എന്താണെന്ന് മനുഷ്യർക്ക് മനസിലായില്ല. അക്കാലത്ത് പരിണാമത്തിന്റെയും വംശനാശത്തിന്റെയും ആശയങ്ങൾ പരിചിതമല്ലാത്തത് തന്നെയാണ് ഇതിന് കാരണം.
ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ തുടക്കകാലത്തെ ജിയോളജി പ്രൊഫസറായ വില്യം ബക്ക്ലാൻഡ്, ഏതാണ്ട് 200 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം 1824 ൽ ആ അസ്ഥികളിൽ വീണ്ടും പഠനം നടത്തി. താഴത്തെ താടിയെല്ല്, കശേരുക്കൾ, കൈകാലുകളുടെ അസ്ഥികൾ എന്നിവയിൽ നിന്നും ആദ്യത്തെ ദിനോസറിനെ അദ്ദേഹം തിരിച്ചറിഞ്ഞു.
തുടർന്ന് ജിയോളജിക്കൽ സൊസൈറ്റിക്ക് 1824 ഫെബ്രുവരി 20-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഇവയെ ‘മെഗലോസോറസ്’ (Megalosaurus) എന്ന് വിശേഷിപ്പിച്ചു. “വലിയ പല്ലി” (great lizard) എന്നാണ് ഇതിന്റെ അർഥം.
വില്യം ബക്ക്ലാൻഡ് തന്റെ പ്രബന്ധത്തിൽ മാംസഭോജിയായാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവി ആയിരിക്കുമിതെന്നും അദ്ദേഹം വിശ്വസിച്ചു. പിന്നാലെ പാലിയന്റോളജിസ്റ്റ് സ്റ്റീവ് ബ്രുസാറ്റെ, ബക്ക്ലാൻഡിന്റെ കണ്ടെത്തലുകളിലെ കൃത്യതയെ അംഗീകരിച്ച് കൊണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു.
“ദിനോസർ” എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് ബക്ക്ലാൻഡിന്റെ മെഗലോസോറസ് കണ്ടെത്തലിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ്. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ സ്ഥാപകനും അനാട്ടമിസ്റ്റുമായ റിച്ചാർഡ് ഓവൻ ആണ് ദിനോസർ എന്ന് വിളിച്ചത്. പിന്നീട് നടന്ന പഠനങ്ങൾക്കെല്ലാം പൂർണ്ണമായ അസ്ഥികൂടം ഇല്ലാതിരുന്നിട്ടും, മെഗലോസോറസ് നിർണായക വഴിത്തിരിവായി മാറി.