ഭീമൻ ഡൈനോസർ അസ്ഥികൂടത്തിന് ലേലത്തിൽ ലഭിച്ചത് 4.46 കോടി ഡോളർ. സ്റ്റെഗസോറസ് വിഭാഗത്തിൽപ്പെട്ട ഡൈനോസറിന്റെ അസ്ഥികൂടത്തിന് 3.4 മീറ്റർ ഉയരവും 8.2 മീറ്റർ നീളവുമുണ്ട്. വലുപ്പം കാരണം അപെക്സ് എന്നും ഈ ഡൈനോസറിനെ വിളിക്കും.
ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ഇതു സ്വന്തമാക്കിയത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഏതോ സ്ഥാപനമാണെന്ന് സൂചനയുണ്ട്.
ഒരു അസ്ഥികൂടത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് ലേലം നടത്തിയ സോത്ബീസ് കന്പനി പറഞ്ഞു. ഉദ്ദേശിച്ചതിന്റെ 11 ഇരട്ടി വിലയാണു ലഭിച്ചത്.
2022ൽ അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്ത് ഡൈനസോർ എന്നു പേരുള്ള പട്ടണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഏറ്റവും പൂർണതയോടെ കണ്ടെത്തിയ അസ്ഥികൂടം, സ്റ്റെഗസോറസിന്റെ ഏറ്റവും വലിയ അസ്ഥികൂടം എന്നീ പ്രത്യേകതകളുണ്ട്. പതിനഞ്ചു കോടി വർഷം മുന്പ് ജീവിച്ചിരുന്ന സ്റ്റെഗസോറസ് ഇലകൾ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്.