അഗര്‍ത്തല: ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിനു സമ്മാനമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കലിനു നല്കിയ ബിഎംഡബ്ല്യു കാറിന്റെ യാത്രയ്ക്കായി റോഡ് നന്നാക്കുമെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു. മോശം റോഡ് ആയതിനാല്‍ സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു തിരിച്ച് എടുത്ത്, തന്റെ ഗ്രാമത്തില്‍ ഓടിക്കാന്‍ പറ്റുന്നതരത്തിലുള്ള മറ്റൊരു കാര്‍ നല്കണമെന്ന് ദിപ ആവശ്യപ്പെട്ടിരുന്നു. സച്ചിന്‍ സമ്മാനിച്ച കാര്‍ തിരിച്ചു നല്കുമെന്ന് ദിപ പറഞ്ഞതായി വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വന്‍ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരുന്നു.
ദിപയുടെ താമസസ്ഥലത്തേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള റോഡിന്റെ പരിഷ്കരണം നടത്താന്‍ തീരുമാനിച്ചതായി ത്രിപുര സര്‍ക്കാര്‍ അറിയിച്ചു. റോഡിന്റെ പണി അടുത്ത മാസം ആരംഭിക്കുമെന്ന് പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ സൊമേഷ് ചന്ദ്ര ദാസ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത ദിപ, ബിഎംഡബ്ല്യു സര്‍വീസ് ആന്‍ഡ് മെയ്ന്റനന്‍സ് കാര്യങ്ങള്‍ക്ക് വിഷമമുണ്ടെന്നതും റോഡിന്റെ ദാരുണാവസ്ഥമാത്രമല്ല തന്റെ തീരുമാനത്തിനു പിന്നിലെന്നും വ്യക്തമാക്കി.