തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കസ്റ്റഡിയിൽ. പരൽ മീനുകളല്ല വന്പൻ സ്രാവുകൾ തന്നെ സ്വർണക്കടത്തിനു പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരത്ത് നിന്നു കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന്റെ കൊച്ചി യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. അന്താരാഷ്ട്ര സ്വർണക്കടത്തു സംഘങ്ങൾക്കു ഇതുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഈ രീതിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് യുഎഇ കോൺസുലേറ്റ് സമ്മതിച്ചിട്ടുണ്ട്. സ്വർണം അടങ്ങിയ കാർഗോ കസ്റ്റംസ് പിടികൂടിയതോടെ അതു വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മേൽ സരിത് സമ്മർദം ചെലുത്തിയിരുന്നു.
കാർഗോ തുറന്നാൽ നിയമ നടപടി ഉണ്ടാകുമെന്നും ഇയാൾ ഭീഷണപ്പെടുത്തിയാതായുള്ള റിപ്പോർട്ടുകളുണ്ട്. സ്വർണക്കടത്തുമായി ഉയർന്ന ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചിട്ടുണ്ട്. ദുബായിൽനിന്നു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നതെന്നു കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ, ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബായിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൽ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത് എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഈ കാര്യങ്ങൾക്ക് ചുമതല നൽകിയിരുന്നത് കോൺസുലേറ്റ് മുൻ പിആര്ഒ സരിത്തിനെയാണ്.
ഈ സാഹചര്യത്തിലാണ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നത്. മറ്റു രാജ്യങ്ങളുടെ കോൺസുലേറ്റുകളുടെ പേരിൽ വരുന്ന ഡിപ്ലോമാറ്റിക് ബാഗുകൾ തുറക്കാനുള്ള അധികാരം ആ കോൺസുലേറ്റുകൾക്കു മാത്രമാണുള്ളത്.
കാർഗോ പരിശോധനയ്ക്കു ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിനു മാത്രമാണ്. അങ്ങനെയിരിക്കെ സ്വർണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്.കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു ജാഗ്രതയോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. സംഭവത്തിനു പിന്നിൽ വൻസംഘം തന്നെയുണ്ടെന്ന നിലയിലും സരിത്താണ് ഇവരുടെ ഇടനിലക്കാരൻ എന്ന നിലയിലാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.