തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാർഗോ സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ അഴിമതിയുടേയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സംഭവം അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽനിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തുമായി ബന്ധപ്പെടുന്നത്. കോടികളുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ മുഖ്യ ആസൂത്രിക സ്വപ്നയ്ക്ക് എങ്ങനെ ഐടി വകുപ്പിൽ ജോലി കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഈ സ്ത്രീക്ക് എങ്ങനെ ഐടി വകുപ്പിൽ ജോലി ചെയ്യാൻ സാധിച്ചുവെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് എന്താണ് ഇതിൽ പങ്കെന്നും അദ്ദേഹം ചോദിച്ചു.
ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയും പങ്ക് മാധ്യമങ്ങളിലൂടെ വെളിവായെന്നും അദ്ദേഹം പറഞ്ഞു.കേസിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്യുന്നത്.
ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.