കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കള്ളക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരൻ കെ.ടി. റമീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് റമീസിനെ ഇഡി അറസ്റ്റ് ചെയ്തത്.
യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 12 തവണ ഇയാൾ സ്വർണകള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തൽ.
കേസിലെ മറ്റൊരു പ്രതിയായ സന്ദീപിന്റെ അടുത്ത സുഹൃത്തായ റമീസ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരായ സ്വപ്നയെയും സരിത്തിനെയും പരിചയപ്പെടുന്നത് സന്ദീപ് വഴിയാണ്.
സ്വർണം കടത്തിന് സുരക്ഷിത മാർഗമായി നയതന്ത്ര ചാനലിനെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ച റമീസ് കടത്തുന്ന ഓരോ കിലോ സ്വർണത്തിനും 1000 യുഎസ് ഡോളർ കോണ്‍സുലേറ്റ് ജനറലിനും സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവർക്ക് 50000 രൂപയും റമീസ് കോഴ വാഗ്ദാനം ചെയ്തു.
നയതന്ത്ര ബാഗിന്റെ മറവിൽ 12 തവണ സ്വർണം കടത്തിയെന്നും കണ്ടെത്തുകയുണ്ടായി.ഇത്തരത്തിൽ കടത്തിയ 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയതോടെയാണ് കേസായത്.
നിക്ഷേപകരെ ഏകോപിപ്പിച്ച് കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് റമീസാണെന്നതിന് വ്യക്തമായ തെളിവുകളും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. റമീസിനെ നേരത്തെ എൻഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.