നയതന്ത്ര സ്വര്ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരിലൊരാളെന്ന് എന്ഐഎ സംശയിക്കുന്ന കൊടുങ്ങല്ലൂര് മൂന്നുപീടിക സ്വദേശി ഫൈസല് ഫരീദ് നാട്ടിലും ദുബായിലും നയിക്കുന്നത് വ്യത്യസ്ഥമായ ജീവിതം. നാട്ടില് മഹീന്ദ്ര ‘താര്’ ജീപ്പ് മാത്രമാണ് ഫൈസലിനുള്ളത്.
ദുബായില് ആഡംബര കാറുകളുടെ വര്ക്ക്ഷോപ്പ് നടത്തുന്ന ഒരാളുടെ ജീവിതമാണിതെന്നോര്ക്കണം. നാട്ടിലുള്ള താര് ജീപ്പ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദം ഉയര്ന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്തു.
നാട്ടില് സാധാരണ വാഹനങ്ങളില് സഞ്ചരിക്കുന്ന ഫൈസല് സംസ്ഥാനം വിട്ടാല് പിന്നെ യാത്ര ചെയ്യുന്നത് നികുതി വെട്ടിച്ച് നാട്ടിലേക്ക് കടത്തുന്ന ആഢംബര വാഹനങ്ങളിലാണ്. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് വാഹന മാഫിയ ഏജന്റുമാരുമായി ഇയാള്ക്ക് അടുത്ത സൗഹൃദവുമുണ്ടായിരുന്നു.
മൂന്നുപീടിക ബീച്ച് റോഡിലെ വീടും തൊടിയും കൂടുംബസ്വത്താണ്. പിതാവിന്റെ പേരിലുള്ള ഈ സ്ഥലം ഈട് വച്ചാണ് നാട്ടിലെ സഹകരണ ബാങ്കില്നിന്ന് വായ്പയെടുത്തത്.
തിരിച്ചടവ് തെറ്റി പിഴപ്പലിശയടക്കം 45 ലക്ഷം കുടിശികയായതോടെ ബാങ്കില്നിന്ന് ജപ്തി ഭീഷണി തുടങ്ങി. ഇതിനിടെ മാര്ച്ച് 31ന് പിതാവ് ഫരീദ് മരിച്ചതോടെയാണ് നടപടികള് നിര്ത്തിവച്ചത്.
ഫൈസലിന്റെ രണ്ട് സഹോദരന്മാരും വിദേശത്താണ്. കള്ളക്കടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് പുറംലോകം അറിയാതിരിക്കാനാണ് ഫൈസല് നാട്ടിലെ സ്വത്തുവകകള് പണയപ്പെടുത്തിയതെന്നാണ് നാട്ടുകാര് ഇപ്പോള് സംശയിക്കുന്നത്.
ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടില് കഴിഞ്ഞദിവസം കസ്റ്റംസ് റെയ്ഡ് നടത്തി കമ്പ്യൂട്ടറും രേഖകളും പിടിച്ചെടുത്തിരുന്നു.
ഫൈസല് ഇപ്പോള് ദുബായ് റഷീദിയയിലാണു താമസിക്കുന്നത്. ദുബായില് ആഡംബര ജിംനേഷ്യം, ആഡംബര കാറുകളുടെ വര്ക്ഷോപ്പ് എന്നിവ ഫൈസല് നടത്തിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ ഉടന് തന്നെ നാട്ടിലെത്തിക്കും. വെള്ളിയാഴ്ച വീട്ടില്നിന്നാണ് യു.എ.ഇ. പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫൈസലിന്റെ പാസ്പോര്ട്ട് ഇന്ത്യ തടഞ്ഞുവക്കുകയും ഇന്റര്പോള് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അഭ്യര്ഥന പ്രകാരം ഇയാള്ക്കെതിരേ യു.എ.ഇ. സര്ക്കാര് യാത്രാവിലക്കും ഏര്പ്പെടുത്തിയിരുന്നു.