പൗരത്വഭേദഗതിബില്ലിനെതിരേ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നയതന്ത്രചാനലിലൂടെ കടത്തിയ സ്വര്‍ണം വിറ്റുകിട്ടിയ പണം ഉപയോഗിച്ചതായി സൂചന.
പ്രക്ഷോഭങ്ങള്‍ക്ക് പണം നല്‍കിയ ഗള്‍ഫിലെ മൂന്ന് സംഘടനകളുമായി ചില മലയാളികള്‍ക്ക് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന ഫണ്ടിങ് ഉറവിടം സ്വര്‍ണക്കടത്താണെന്നും മനസിലായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പൗരത്വഭേദഗതിബില്‍ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചതെന്ന ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഫണ്ടുകളുടെ വരവിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിവരം നല്‍കിയത് മലയാളിപൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി യുവാവില്‍ നിന്നാണ് വിദേശ ഫണ്ട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.
കേരള പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് യുപിയില്‍ ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിഷേധത്തിന് ഗള്‍ഫില്‍ നിന്ന് ഫണ്ട് നല്‍കിയ ചില സംഘടനകളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിലെ രണ്ടു സംഘടനകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ നയിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്.
പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധം ആളിക്കത്തുന്ന സമയത്തും നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് സൂചന. മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും കിലോ കണക്കിന് സ്വര്‍ണം കേരളത്തിലെത്തി. ഇതെല്ലാം ചെന്നൈ വഴി പ്രതിഷേധക്കാരില്‍ എത്തിയെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ പലവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും യു.എ.ഇയില്‍ നിന്നുള്ള നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തുന്ന ചില സംഘടനകള്‍ കേന്ദ്ര ഏജന്‍സികളുടെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നു. ഇതാണ് സ്വപ്നാ സുരേഷിലേക്ക് അന്വേഷണം എത്തിച്ചത്.
നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയും നിര്‍ണ്ണായകമാണ്.
ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1000 ഡോളര്‍(75000 രൂപ) നല്‍കുമായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ എം. ശിവശങ്കറിന്റെ പങ്കു സംബന്ധിച്ച് ഒന്നും സ്വപ്‌ന പറഞ്ഞിട്ടില്ലെന്നാണ് വിവരം.