സ്വന്തം ലേഖകന്‍
കോഴിക്കോട്: വനം വകുപ്പിലെ കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങി ആറു ഡിവിഷനുകളിലെ 27 ഡിപ്പോകൾ കേന്ദ്രീകരിച്ച് നടന്ന തടി വിൽപന ലേലത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി.
വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി കൊണ്ട് പകൽ കൊള്ള നടത്തുന്നത്. 27 ഡിപ്പോകളിൽ ഉള്ള നല്ല തരം തടി കക്ഷണങ്ങൾ വിറകാക്കി മാറ്റി കൊണ്ടാണ് അഴിമതി .
ഫർണിച്ചറുകൾക്ക് പറ്റിയ തേക്ക്, ഈട്ടി, തുടങ്ങിയ മരങ്ങളുടെ ബില്ലറ്റുകളാണ് കത്തിക്കാനുള്ള വിറകിന്റെ തരത്തിലേക്ക് മാറ്റി ലേലം ചെയ്യുന്നത്.
കോടികൾ വില മതിക്കുന്ന തടി തരങ്ങളാണ് ഉദ്യോഗസ്ഥർ ഫർണിച്ചർ ലോബിക്ക് തുഛമായ വിലയ്ക്ക് ലേലത്തിൽ കൊടുത്ത് വിടുന്നത്. ഇത് മൂലം സർക്കാറിന് രണ്ട് തരത്തിലാണ് നഷ്ടം വരുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
തടിയുടെ ഇനത്തിൽ കിട്ടേണ്ട യഥാർഥ വില കിട്ടില്ല, രണ്ടാമത് തടിക്ക് 18 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ ഉള്ളത്. അത് വിറകായി മാറുമ്പോൾ നികുതിയായി ഒന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തില്ല.
യാതൊരു നികുതിയും കൊടുക്കാതെ നല്ല തടിമരങ്ങളാണ് ഫർണിച്ചർ ലോബികള്‍ കരസ്ഥമാക്കുന്നത്. ഡിപ്പോകളിൽ നടക്കുന്ന ഈ പകൽ കൊള്ളയുടെ വിവരങ്ങൾ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ കോഴിക്കോട് ചരക്ക് സേവന നികുതി വിഭാഗം ജോ. കമ്മീഷണറെ (ഇന്റലിജൻസ്) വിവരം അറിയിച്ചതിനെ തുടർന്ന് ഡിപ്പോകളിൽ പരിശോധന നടത്തുകയും കോടികളുടെ വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തു.
ജോ. കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരംജിഎസ്ടി കമ്മീഷണർ തടി തരങ്ങൾ തരം തിരിച്ചതിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോഴും രേഖകള്‍ നല്‍കിയിട്ടില്ല.
ജിഎസ്ടിയിൽ തടിത്തരങ്ങളെ നാല് വിഭാഗമായിട്ടാണ് വേർതിരിച്ചത്. ആദ്യ ഗണത്തിൽ പ്പെട്ട 3 വിഭാഗങ്ങൾക്ക് 18 ശതമാനവും, പിന്നെത്തേതിന് 5 ശതമാനം നികുതിയുമാണ്.
വിറകിന് ജിഎസ്ടി തീരെയും ഇല്ല. ജിഎസ്ടി വരുന്നതിന് മുമ്പ് വാറ്റിന്റെ സമയത്ത് വിറക് വിൽപനയുടെ കണക്ക് , ഒരു ഡിപ്പോയിൽ മാത്രം 15 ലക്ഷത്തിൽ താഴെ ആയിരുന്നു.
ജിഎസ്ടി വന്നതോടെ ഒരോ ഡിപ്പോയിലും വിറകിന്റെ വിൽപന കുത്തനെ കൂടിയിരിക്കുകയാണ്. ഇതിൽ നിന്നും തന്നെ അഴിമതി വ്യക്തമാണെന്ന് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.