കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. അർബുദരോഗത്തിനു ചികിത്സയിലായിരുന്ന ബാബു നാരായണൻ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. അനിൽ ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാളാണ്.
സംവിധായകൻ ഹരിഹരന്റെ സഹായിയായാണ് സിനിമയിൽ ബാബു നാരായണന്റെ തുടക്കം. അക്കാലത്ത് പി.ആർ.എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ.
പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ അനിൽ – ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം.
ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത ടു നൂറാ വിത്ത് ലൗ എന്ന സിനിമ ബാബു നാരായണൻ ഒറ്റയ്ക്കു സംവിധാനം ചെയ്തു. 2014 ൽ പുറത്തു വന്ന ഈ ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ. നടി ശ്രവണ മകളാണ്.