മലയാളത്തിലെ എക്കാലത്തെയും മാസ് പടങ്ങളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാംഭാഗത്തെച്ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് ആവര്‍ത്തിച്ചു വ്യക്തമാക്കി. ആടുതോമയുടെ മകന് ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. ‘ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു ഭദ്രന് വ്യക്തമാക്കി.
സംവിധായകന് ബിജു കെ.കട്ടയ്ക്കല്‍ ആണ് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമ ചെയ്യുന്നത്. ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥയെന്ന വിശേഷണത്തോടൊണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ഭദ്രന് ഇതുസംബന്ധിച്ച നിലപാട് മുമ്പേതന്നെ വ്യക്തമാക്കിയെങ്കിലും അതു തൃണവല്‍ക്കരിച്ചാണ് ബിജു സിനിമയുമായി മുമ്പോട്ടു പോകുന്നത്. സിനിമയുടെ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു.
‘സ്ഫടികം 2 എന്ന പേരില്‍ ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. സ്ഫടികം 2 എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് ആ പേര് ഉപയോഗിക്കാനോ കഥ ചര്‍ച്ച ചെയ്യാനോ ആരും എന്നെ സമീപിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് തീരുമാനം. നിയമപരമായി തന്നെ നേരിടും. ടീസര്‍ അല്ലേ ഇറക്കാന്‍ സാധിക്കൂ, സിനിമ ഇറങ്ങില്ല. ഇറങ്ങിയാലും അത് സ്ഫടികം 2 എന്ന പേരില്‍ ആയിരിക്കില്ല. ഞാന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ഒരു കഥാപാത്രങ്ങളുടെ പേരും അതിലുണ്ടാകാന്‍ അനുവദിക്കില്ല.
ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് ഇട്ടോട്ടെ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല. സിനിമ സംവിധാനം ചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് അത് തടുക്കാന്‍ എനിക്കാവില്ല. പക്ഷെ ഞാന്‍ സംവിധാനം ചെയ്ത സ്ഫടികത്തിന്റെ രണ്ടാം ഭാഗമാണെന്നുള്ള രീതിയില്‍ ഇറക്കുന്നതിനെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. ഭദ്രന് പറഞ്ഞു.’രണ്ടാം ഭാഗം ഇറക്കാനാണെങ്കില്‍ 24 വര്‍ഷം മുമ്പു തന്നെ തനിക്ക് അതിനാവുമായിരുന്നെന്നും ഭദ്രന് വ്യക്തമാക്കി.