നീലേശ്വരം: മലയാള സിനിമകളിൽ 98 ശതമാനവും സ്ത്രീ വിരുദ്ധവും അരാഷ്ട്രീയവുമാണെന്നും സാംസ്കാരിക നിലവാരമുള്ള സിനിമകൾ കാണുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും സംവിധായകൻ ഡോ.ബിജു.
കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ്, പയ്യന്നൂർഓപ്പണ് ഫ്രെയിം എന്നിവയുടെ സഹകരണത്തോടെ നീലേശ്വരം നഗരസഭ നടത്തിയ ആദ്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു.
ലോഗോ രൂപകൽപ്പന ചെയ്ത പത്രപ്രവർത്തകൻ എം.സുധാകരൻ, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ എന്നിവരെ നഗരസഭാ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി ചലച്ചിത്രോത്സവം അവലോകനം ചെയ്തു.
പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ചു കാണികളെ ഉൾപ്പെടുത്തി ഓപ്പണ്‍ ഫോറം നടത്തി. സംവിധായകൻ ബിജു കാന്പ്രത്ത്, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ, സാംസ്കാരിക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു. എം.പി.ചന്ദ്രൻ, കെ.ഹരിപ്രസാദ്, വി.വി.പത്മനാഭൻ, നഗരസഭാ കൗണ്‍സിലർമാരായ പി.കെ.രതീഷ്, കെ.വി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.